ശ്രീനഗർ: പ്രണയം ഒരു കുറ്റമാണോ? അതെ എന്നാണ് ജമ്മു കാഷ്മീരിലെ ഒരു സ്വകാര്യ സ്കൂൾ പറയുന്നത്. ഇനി പ്രണയിക്കുന്നത് അധ്യാപകരാണെങ്കിൽ കുട്ടികൾ വഴിതെറ്റുമെന്നും സ്കൂൾ കണ്ടെത്തി. പ്രണയിച്ച അധ്യാപകരെ വിവാഹ ദിവസം പുറത്താക്കിയാണ് കുട്ടികളെ സ്കൂൾ “രക്ഷിച്ചത്’. പുൽവാമ ജില്ലയിലെ സ്വകാര്യ സ്കൂളാണ് അധ്യാപക പ്രണയം കുട്ടികൾ വഴിതെറ്റാൻ കാരണമാകുമെന്ന വിചിത്ര കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
അധ്യാപകരായ താരിഖ് ബട്ടും സുമയ ബഷീറും പാംപോർ സ്കൂളിൽ ദീർഘകാലമായി ജോലി ചെയ്യുന്നവരാണ്. അധ്യാപനത്തിനിടെയാണ് ഇരുവരും ഇഷ്ടപ്പെട്ടത്. നവംബർ 30ന് ഇരുവരുടെയും വിവാഹവും നിശ്ചയിച്ചു. വിവാഹ ദിവസമാണ് ഇരുവർക്കും സ്കൂളിന്റെ വക “സമ്മാനമായി’ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. വിവാഹത്തിന് മുൻപ് നിങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് മനസിലായതായി സ്കൂൾ ചെയർമാൻ ബഷീർ മസൂദി ഇരുവരെയും അറിയിച്ചു. നടപടിയെക്കുറിച്ച് പ്രിൻസിപ്പൽ പ്രതികരിക്കാൻ തയാറായിട്ടുമില്ല.
2,000 കുട്ടികളും 200 ജീവനക്കാരുമുള്ള സ്കൂളിന് ചേർന്ന പ്രവർത്തിയല്ല അധ്യാപകർ ചെയ്തതെന്നാണ് മാനേജ്മെന്റിന്റെ വാദം. പരസ്പരം ഇഷ്ടപ്പെട്ട അധ്യാപകർ വീട്ടിലറിയിച്ച് ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. വിവാഹത്തിനായി ഇരുവരും ഒരു മാസത്തെ അവധിക്ക് സ്കൂളിന് അപേക്ഷ നൽകുകയും സ്കൂൾ അവധി അനുവദിക്കുകയും ചെയ്തിരുന്നു. വിവാഹ നിശ്ചയത്തിന് വധുവിന്റെ വീട്ടിൽ സ്കൂളിലെ ജീവനക്കാർക്കും സുഹൃത്തുക്കൾക്കും സത്കാരവും ഒരുക്കിയിരുന്നു. ഇതെല്ലാം കഴിഞ്ഞ ശേഷമാണ് വിശദീകരണം പോലും തേടാതെ വിവാഹ ദിവസം അധ്യാപക വധൂവരന്മാർക്ക് സ്കൂൾ പുറത്താക്കൽ ഉത്തരവ് നൽകിയത്.