സിലിക്കൺവാലി: ആപ്പിൾ കമ്പനിയുമായി ക്വാൽകോം വീണ്ടും യുദ്ധത്തിന്. പേറ്റന്റ് ലംഘിച്ച് ആപ്പിൾ കമ്പനി ഐഫോണുകൾ നിർമിക്കുന്നുവെന്നാരോപിച്ച് ചിപ്പ് നിർമാണക്കമ്പനിയായ ക്വാൽകോം കോടതിയെ സമീപിച്ചു. തങ്ങളുടെ ടെക്നോളജി ഉപയോഗിച്ച് നിർമിക്കുന്ന ഫോണുകൾ നിരോധിക്കണമെന്നാണ് ക്വാൽകോം ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടു വ്യത്യസ്ത നിയമനടപടികൾ ആവശ്യപ്പെട്ടാണ് ക്വാൽകോം കോടതിയെ സമീപിച്ചിരിക്കുന്നത്. അമേരിക്കയിലേക്കുള്ള ഐഫോണുകളുടെ ഇറക്കുമതി അമേരിക്കൻ ഇന്റർനാഷണൽ ട്രേഡ് കമ്മീഷനുമായി ചേർന്ന് നിരോധിക്കണമെന്നാണ് ഒരാവശ്യം. ചൈനയിൽ നിർമിക്കുന്ന ഐഫോണുകൾ അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്നത് ക്വാൽകോമിന്റെ പേറ്റന്റുകളുടെ ലംഘനമാണെന്നാണ് ആരോപണം.
മുന്പ് സൂചിപ്പിച്ച അതേ പേറ്റന്റുമായി ബന്ധപ്പെട്ട് ദക്ഷിണ കലിഫോർണിയയിലെ കോടതിയിൽ സമർപ്പിച്ച ഹർജിയാണ് മറ്റൊന്ന്. ഓരോ ഐഫോണിന്റെയും ഹൃദയം ക്വാൽകോമിന്റെ സാങ്കേതികവിദ്യയാണ്. ക്വാൽകോമിന്റെ ആറ് പേറ്റന്റുകൾ ഇത്തരത്തിൽ ആപ്പിൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, കരാർ കാലാവധി കഴിഞ്ഞിട്ടും അവ വീണ്ടും ഉപയോഗിക്കുന്നുവെന്ന് മാത്രമല്ല, പണം നല്കാൻ മടിക്കുന്നുവെന്നും ക്വാൽകോമിന്റെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോൺ റോസൻബെർഗ് പറഞ്ഞു.
പുതിയ പരാതികളുടെ അടിസ്ഥാനത്തിൽ രണ്ടു കലിഫോർണിയ ടെക്നോളജി ഭീമന്മാർ തമ്മിൽ വലിയ യുദ്ധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ജനുവരിയിൽ ക്വാൽകോമിനെതിരേ ആപ്പിൾ പരാതി നല്കിയിരുന്നു. മാർക്കറ്റിലുള്ളതിനേക്കാൾ കൂടുതൽ റോയൽറ്റി ക്വാൽകോം ആവശ്യപ്പെട്ടെന്നായിരുന്നു പരാതിയിൽ ഉന്നയിച്ചത്. പുതിയ കേസിന്റെ ആധാരത്തിൽ ക്വാൽകോമിനെതിരേയുള്ള ആരോപണം ആപ്പിൾ വീണ്ടും ആവർത്തിച്ചുന്നയിച്ചു. ക്വാൽക്കോമിന്റെ നിയമവിരുദ്ധ ബിസിനസ് രീതികൾ ആപ്പിളിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നു മാത്രമല്ല മൊബൈൽ മേഖലയെ അപ്പാടെ ബാധിക്കുമെന്നും ആപ്പിൾ ആരോപിച്ചു.