ബംഗളൂരു/മുംബൈ: ടെക്നോളജി മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിച്ചാണ് 2017 ആരംഭിച്ചത്. ഫണ്ടിംഗ് കുറഞ്ഞതും ആഗോള രാഷ്ട്രീയ നയങ്ങൾ മാറിമറിഞ്ഞതും നിരവധി സ്റ്റാർട്ടപ് – ടെക്നോളജി കമ്പനികളെ തകർച്ചയിലേക്കു വലിച്ചു. നിലനിൽപ്പിനായി പൊരുതുന്ന കമ്പനികളിലെ ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിലാണ്. ഈ വർഷം ഏറ്റവും കൂടുതൽ ആളുകളെ പിരിച്ചുവിടുന്നത് ഒന്പതു ടെക് കമ്പനികളാണ്. ഇതിൽ പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
ലീകോ
ചൈനീസ് ശതകോടീശ്വരൻ ജിയ യൂട്ടിംഗിന്റെ ഉടമസ്ഥതിയിലുള്ള കമ്പനിയാണ് ലീകോ. കാര്യമായ വരുമാനമില്ലാതെയാണ് കമ്പനി ഇപ്പോൾ മുന്നോട്ടു പോകുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇതേത്തുടർന്ന് ഇന്ത്യയിലെ 85 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണു തീരുമാനം. സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ചൈനയിലും അമേരിക്കയിലും മാത്രമായി ബിസിനസ് കേന്ദ്രീകരിക്കാനാണു ലീകോയുടെ തീരുമാനം.
എയർസെൽ
700 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് എയർസെൽ കഴിഞ്ഞ മാസം അറിയിച്ചത്. കമ്പനിയുടെ മൊത്തം ജീവനക്കാരിൽ 10 ശതമാനം വരുമിത്. ടെലി കമ്യൂണിക്കേഷൻ മേഖലയിൽ വലിയ ലയനങ്ങൾ നടക്കുന്നത് ഈ പിരിച്ചുവിടലിനു കാരണമായി. ഏകദേശം 8000 ജീവനക്കാരാണ് എയർസെലിന് ഇന്ത്യയിലുള്ളത്.
സ്നാപ്ഡീൽ
ഇ-കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീൽ കഴിഞ്ഞ മാസം അവസാനം പിരിച്ചുവിടൽ പ്രഖ്യാപനം നടത്തി. ഫണ്ടിംഗ് പ്രശ്നമുള്ളതിനാൽ സ്ഥാപകരായ കുനാൽ ബാലും രോഹിത് ബൻസാലും ശന്പളം വേണ്ടെന്നു വച്ചു.
യെപ് മീ
ഫാഷൻ റീടെയ്ലറായ യെപ് മീയും ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. എത്ര പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വെയർഹൗസ്, ക്വാളിറ്റി കൺട്രോൾ ടീമിലുള്ളവരുടെ ജോലിയായിരിക്കും നഷ്ടപ്പെടുക. കറൻസി റദ്ദാക്കലും വില്പന കുറഞ്ഞതുമാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. ഇപ്പോൾ യുകെയിലും യെപ് മീ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ക്രാഫ്റ്റ്സ് വില്ല
ഫാഷൻ വെബ്സൈറ്റായ ക്രാഫ്റ്റ്സ് വില്ല നൂറോളം ജീവനക്കാരെ അടുത്തിടെ പിരിച്ചുവിട്ടു.
പേ യു
പേമെന്റ് ആപ്പായ പേ യു ഇന്ത്യ കൊണ്ടുവരാനുദേശിച്ച ക്രെഡിറ്റ് കാർഡ് ഉത്പന്നം വേണ്ടെന്നുവച്ചു. കമ്പനിയുടെ കോൾസെന്ററിലെ 85 ജീവനക്കാർക്കും കളക്ഷൻ ടീമിലെ 25 പേർക്കും പിരിച്ചുവിടൽ കുറിപ്പു നല്കി.
ടൊലെക്സോ
ഇൻഡസ്ട്രിയൽ മാർക്കറ്റ് പ്ലേസായ ടൊലെക്സോ 50 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മാതൃകമ്പനിയായ ഇന്ത്യാ മാർട്ട് ടൊലെക്സോയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തതോടെയാണ് ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്നത്.
ഗിർനർ സോഫ്റ്റ്വെയർ
കാർദേഖോ.കോം, ഗാഡി.കോം, സിംഗ്വീൽസ്.കോം തുടങ്ങിയ വാഹന പോർട്ടലുകളുടെ ഉടമസ്ഥരായ ഇന്റർനെറ്റ് കമ്പനി ഗിർനർ സോഫ്റ്റ്വെയർ നൂറിലധികം പേരെ പിരിച്ചുവിട്ടു. ചെലവു ചുരുക്കലിന്റെ ഭാഗമായായിരുന്നു പിരിച്ചുവിടൽ.
സ്റ്റേസില്ല
ഹോംസ്റ്റേ സ്റ്റാർട്ടപ്പായ സ്റ്റേസില്ല അടുത്തിടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. ചെന്നൈ ആസ്ഥാനമായുള്ള കമ്പനി രണ്ടു കോടി ഡോളറിന്റെ ഫണ്ടിംഗിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. 210 ജീവനക്കാരുടെ ജോലി പോയി.