പറക്കുന്നതിൽ പക്ഷിയേതാ പഞ്ഞിയേതാ എന്നും, നാലുകാലുള്ളതിൽ പശുവേതാ മേശയേതാ എന്നും തിരിച്ചറിയാൻ കംപ്യൂട്ടറിനു കഴിയില്ല എന്നു പണ്ടുമുതൽക്കേ പറയുന്നതാണ്. പക്ഷേ, ഇനി അങ്ങനെ കളിയാക്കുന്നതു സൂക്ഷിച്ചുവേണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കംപ്യൂട്ടറുകൾ മുഖം തിരിച്ചറിയുന്ന കാര്യത്തിൽ വളരെ മുന്നോട്ടാണ്. സുരക്ഷയ്ക്കും സൗകര്യത്തിനും ഇനി മുഖം മതി എന്ന നില ഏതാണ്ടു യാഥാർഥ്യമായിക്കഴിഞ്ഞു.
ചൈനയാണ് ഫേസ് റെക്കഗ്നിഷൻ രംഗത്ത് ഏറെ മുന്നിൽ. സുരക്ഷാ കാര്യങ്ങൾക്കപ്പുറം നിത്യജീവിതത്തിൽ ബാങ്കുകൾ, കടകൾ, വാഹനങ്ങൾ തുടങ്ങി എല്ലായിടത്തും അവിടെ മുഖത്തിന് ഇപ്പോൾ വലിയ പ്രാധാന്യമുണ്ട്.
ഫേസ് പ്ലസ് പ്ലസ്
ആർട്ടിഫിഷ്യൻ ഇന്റലിജൻസിന്റെ അനന്ത സാധ്യതകളിലേക്കുള്ള കണ്ണാടിയാണ് ഫേസ് പ്ലസ് പ്ലസ് എന്ന സർവീസ്. ഫേഷ്യൽ റെക്കഗ്നിഷനിൽ വേണ്ടതെല്ലാം എന്നതാണ് അവരുടെ ആപ്തവാക്യംതന്നെ. ഫേസ് ഡിറ്റക്ഷൻ, ഫേസ് കംപെയറിംഗ്, ഫേസ് സെർച്ചിംഗ് എന്നിങ്ങനെയുള്ള വിപുലമായ സേവനങ്ങൾ ഈ കന്പനി വികസിപ്പിച്ച സാങ്കേതികവിദ്യയിലുണ്ട്. ഒട്ടേറെ ഇമേജുകളിൽനിന്ന് മുഖങ്ങൾ മാത്രം കണ്ടുപിടിക്കുന്നതാണ് ഫേസ് ഡിറ്റക്ഷൻ. രണ്ടു മുഖങ്ങളുടെ സാമ്യങ്ങൾ പരിശോധിക്കുകയാണ് ഫേസ് കംപെയറിംഗ് ചെയ്യുന്നത്. ഫേസ് സെർച്ചിംഗിലൂടെ വലിയൊരു നിരയിൽനിന്ന് സാദൃശ്യമുള്ള മുഖങ്ങൾ കണ്ടുപിടിക്കാം. ലാൻഡ്മാർക്ക്സ്, ആട്രിബ്യൂട്ട്സ് എന്നിങ്ങനെ രണ്ടു ഭാഗങ്ങൾകൂടിയുണ്ട്. ആദ്യത്തേത് മുഖങ്ങളിലെ പ്രത്യേകതകൾ തിരിച്ചറിയും. വയസ്, ലിംഗം, മുഖത്തെ ഭാവം, തലയുടെ ഇരിപ്പ്, കണ്ണുകളുടെ രീതി എന്നിവ വിശകലനം ചെയ്യും.
ചൈനയിൽ ഏറെ ജനപ്രിയമായ ആപ്പുകളിൽ ഫേസ് പ്ലസ് പ്ലസ് ടെക്നോളജി ഇതിനകം ഉപയോഗിച്ചുതുടങ്ങി. 12 കോടിയോളംപേർ ഉപയോഗിക്കുന്ന പേയ്മെന്റ് ആപ്പായ ആലിപേയിൽ തിരിച്ചറിയലിന് മുഖം മാത്രം മതി. ഏറ്റവും വലിയ ട്രാൻസ്പോർട്ടിംഗ് കന്പനിയായ ദിദിയിലും ഫേസ് പ്ലസ് പ്ലസിന്റെ സേവനം ഉപയോഗിക്കുന്നു. ചിത്രങ്ങൾ ആയാലും ഈ സാങ്കേതികവിദ്യ പ്രവർത്തിക്കും.
ഐഡി കാർഡ് ഫോട്ടോകളുടെ ഏറ്റവും വലിയ ഡാറ്റാ ബേസ് ഉള്ള രാജ്യമാണ് ചൈന എന്നതും ഈ ടെക്നോളജിയുടെ പ്രാധാന്യം കൂട്ടുന്നു. ഐഡി കാർഡുമായി വരുന്നത് യഥാർഥ വ്യക്തിയാണെന്നു തിരിച്ചറിയാനും ടെക്നോളജി കണ്ണുതുറന്നിരിക്കും.
ആശയം പഴയത്, കൃത്യത പുതിയത്
പതിറ്റാണ്ടുകളായി പ്രയോഗത്തിലുള്ള ആശയമാണ് ഫേസ് റെക്കഗ്നിഷന്റേത്. എന്നാൽ കൃത്യതതയോടെ അത് പരക്കേ ഉപയോഗിക്കാറായത് ഇപ്പോഴാണ്. വലിയ സാധ്യതകളുള്ള വിപണിയാണ് ഈ ടെക്നോളജിയെ കാത്തിരിക്കുന്നത്. ചൈനയിലെ ഏറ്റവും ജനപ്രിയ സെർച്ച് എൻജിനായ ബൈഡു ഉൾപ്പെടെ ഒട്ടേറെ കന്പനികൾ ഈ രംഗത്തു പ്രവർത്തിക്കുന്നു.
ട്രെയിൻ ടിക്കറ്റ് എടുക്കൽ, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയ കാര്യങ്ങൾക്ക് ഇനി വെറുതെയൊന്നു മുഖംകാണിച്ചാൽ മതിയാകും. 99 ശതമാനം കൃത്യതയാണ് ബൈഡു പോലുള്ള കന്പനികൾ അവകാശപ്പെടുന്നത്.
വി.ആർ. ഹരിപ്രസാദ്