നോക്കിയ പേര് കേൾക്കുന്പോൾ തന്നെ പലരുടെയും മനസ് പിന്നോട്ട് സഞ്ചരിക്കാൻ തുടങ്ങും. മൊബൈൽഫോൺ വ്യാപകമാകുന്ന സമയത്ത് നോക്കിയയല്ലാതെ മറ്റൊരു ഒാപ്ഷനില്ലാത്ത കാലം. ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന പലരുടെയും ആദ്യ ഫോൺ പഴയ നോക്കിയ ബ്രാൻഡ് ആയിരിക്കും. നോക്കിയയുടെ ഇന്പമുള്ള റിംഗ് ടോണും, സ്നേക് ഗെയിമും ഇഷ്ടപ്പെടാത്ത ഏതു ഫോൺ പ്രേമിയാണുള്ളത്? അഞ്ച് വർഷം മുന്പുവരെ മൊബൈൽ ഫോണ് വിപണിയെ നിയന്ത്രിച്ചിരുന്ന നോക്കിയക്ക്, ആൻഡ്രോയ്ഡ് ഒാപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകൾ വിപണി പിടിച്ചെടുത്തതോടെ പ്രതാപം നഷ്ടപ്പെട്ടു. ഒരിക്കൽ നഷ്ടപ്പെട്ട സ്മാർട്ട്ഫോണ് വിപണി തിരിച്ചുപിടിക്കാൻ തീരുമാനിച്ചാണ് നോക്കിയയുടെ തിരിച്ചുവരവ്. ആൻഡ്രോയ്ഡിന്റെയും ഗൂഗിളിന്റെയും സഹായങ്ങളും നോക്കിയയുടെ തിരിച്ചുവരവിന് പിന്നിലുണ്ട്. ഇന്ത്യൻ വിപണിയിൽ മേയ്ജൂൺ മാസങ്ങളിൽ എത്തുന്ന നോക്കിയയുടെ പുതിയ സ്മാർട്ട് ഫീച്ചർ ഫോണുകളെ പരിചയപ്പെടാം.
സ്നേക് ഗെയിമുമായി 3310
പ്രായഭേദമെന്യേ ഏവരും സ്നേഹിച്ചിരുന്ന ഗെയിമാണ് നോക്കിയയിലെ സ്നേക്ക് ഗെയിം. ടെന്പിൾറണ്ണിനും ആങ്ക്രി ബേർഡ്സിനും മുന്നേ ആരാധകരെ ഉണ്ടാക്കിയ ഗെയിം. തിരിച്ചുവരവിലും നോക്കിയ സ്നേക് ഗെയിമിനെ ഉപേക്ഷിച്ചിട്ടില്ല. വിപണിയിലെത്തിക്കുന്ന പുതിയ ഫീച്ചർ ഫോണായ നോക്കിയ 3310ൽ സ്നേക് ഗെയിം പുതിയ രൂപത്തിലുണ്ട്. ബാറ്ററി ലൈഫിന്റെ കാര്യത്തിലും 3310 മുന്നിലാണ്. 1200 എംഎഎച്ച് ബാറ്ററി ഒരു മാസത്തെ സ്റ്റാൻഡ് ബൈ സമയവും 22 മണിക്കൂർ സംസാര സമയവും വാഗ്ദാനം ചെയ്യുന്നു.
പഴയ ഫോണിലേതുപോലെ റിമൂവബിൾ ബാറ്ററിയാണ് പുതിയ 3310യിലും. 2.4 ഇഞ്ച് ക്യുവിജിഎ ആണ് ഡിസ്പ്ലേ. എൽഇഡി ഫ്ളാഷോടുകൂടിയ 2 മെഗാപിക്സൽ കാമറയും ഫോണിലുണ്ട്. നോക്കിയ എസ് 30 പ്ലസ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 16 എംബിയാണ് ഇന്റേണൽ സ്റ്റോറേജ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാം. ആകർഷകമായ ഡിസൈനിലെത്തുന്ന നോക്കിയ 3310 ആറു നിറങ്ങളിൽ വിപണിയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
രണ്ട് ജിഎസ്എം മൈക്രോ സിം ഫോണിൽ ഉപയോഗിക്കാം. വിനോദത്തിനായി എഫ്എം റേഡിയോയും ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വില എകദേശം 3899 രൂപയായിരിക്കുമെന്നാണ് സൂചനകൾ. 2000ലാണ് ആദ്യമായി നോക്കിയ 3310 വിപണിയിൽ എത്തിച്ചത്.
4 ജിയുമായി നോക്കിയ 3
സ്മാർട്ട് ഫോൺ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് നോക്കിയ 3യുടെ വരവ്. ആൻഡ്രോയ്ഡിന്റെ പുതിയ പതിപ്പായ നൂഗയിലാണ് നോക്കിയ 3 പ്രവർത്തിക്കുന്നത്.
അഞ്ച് ഇഞ്ച് ഡിസ്പ്ലെ, ഡ്യുവൽ സിം, മീഡിയ ടെകിന്റെ 1.3ജിഗാഹെർട്സ് ക്വാഡ്കോർ പ്രോസസർ, എട്ടു മെഗാപിക്സൽ സെൽഫി കാമറ, റിയർ കാമറ, 2 ജിബി റാം, 16 ജിബി സ്റ്റോറേജ് (128 ജിബി വരെ വർധിപ്പിക്കാം), 4ജി കണക്റ്റിവിറ്റി, 2650 എംഎഎച്ച് ബാറ്ററി എന്നിവ നോക്കിയ 3യിലെ പ്രധാന ഫീച്ചറുകളാണ്. യുഎസ്ബി ഒടിജി സപ്പോർട്ടും അഞ്ച് സെൻസറുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പോളി കാർബോനേറ്റ് ബോഡി, അലുമിനിയം ഫ്രെയിം, ഡിസ്പ്ലെയ്ക്ക് ഗോറില്ലാ ഗ്ലാസ് സുരക്ഷ എന്നിവയും ശ്രദ്ധേയമാണ്. നാലു നിറങ്ങളിലാണ് നോക്കിയ 3 അവതരിപ്പിച്ചിരിക്കുന്നത്. പരിധിയില്ലാ ക്ലൗഡ് സ്റ്റോറേജ് സേവനവും നോക്കിയ 3ക്ക് ലഭിക്കും. വില ഏകദേശം 9,800 രൂപ.
കരുത്തൻ ബോഡിയുമായി നോക്കിയ 5
നോക്കിയ 3യിൽ ചില മാറ്റങ്ങൾ വരുത്തിയാണ് നോക്കിയ 5 അവതരിപ്പിച്ചിരിക്കുന്നത്. ഫിംഗർപ്രിന്റ് സെൻസറുള്ള ഹോം ബട്ടണ് തന്നെയാണ് നോക്കിയ 5ന്റെ പ്രധാന ഫീച്ചർ. മെറ്റൽ ബോഡിയിലാണ് നോക്കിയ 5 ഡിസൈൻ ചെയ്തിട്ടുള്ളത്. 1.4 ജിഗാഹെർട്സ് ക്വാൽകോം സ്നാപ്ഡ്രാഗൻ 430 പ്രോസസർ, 2 ജിബി റാം, 16 ജിബി സ്റ്റോറേജ് (128 ജിബി വരെ വർധിപ്പിക്കാം) 5.2 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ ( 2.5ഡി ഗൊറില്ല ഗ്ലാസ് സുരക്ഷ), 13 മെഗാപിക്സൽ കാമറ, എട്ടു മെഗാപിക്സൽ സെൽഫി കാമറ, 3,000 എംഎഎച്ച് ബാറ്ററി, ഡ്യുവൽ സിം എന്നിവ പ്രധാന ഫീച്ചറുകളാണ്. പരിധിയില്ലാ ക്ലൗഡ് സ്റ്റോറേജ് സേവനവും നോക്കിയ ും നൽകിയിട്ടുണ്ട്. നാലു നിറങ്ങളിൽ ലഭിക്കുന്ന നോക്കിയ 5 ന് ഏകദേശം 13,000 രൂപയാകുമെന്നാണ് സൂചന.
കിടിലൻ സൗണ്ടുമായി നോക്കിയ 6
ഫിംഗർപ്രിന്റ് സ്കാനറുള്ള യൂണിബോഡി മെറ്റൽ ബോഡി ആണ് നോക്കിയ 6നുള്ളത്. നോക്കിയ 6ന്റെ സ്പെഷൽ എഡിഷനായ നോക്കിയ 6 ആർട്ട് ബ്ലാക്കും വിപണിയിലെത്തുന്നുണ്ട്. ആൻഡ്രോയ്ഡ് 7.0 നൂഗ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 5.5 ഇഞ്ച് ഫുൾ എച്ച്ഡി 2.5 ഡി ഗോറില്ല ഗ്ലാസ് ഡിസ്പ്ലേ, 1.1 ജിഗാഹെർട്സ് ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗണ് 430 പ്രോസസർ, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി എന്നിവയാണ് ഇതിനുള്ളത്. നോക്കിയ 6 ആർട്ട് ബ്ലാക്കിന് 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമാണുള്ളത്. 3,000 എംഎഎച്ച് നോണ് റിമൂവബിൾ ബാറ്ററി കരുത്തുമായി എത്തുന്ന ഫോണിന് 16 മെഗാപിക്സൽ റിയർ കാമറയും ഡ്യുവൽ എൽഇഡി ഫ്ളാഷും എട്ട് മെഗാപിക്സൽ സെൽഫി കാമറയുമുണ്ട്. ഡ്യുവൽ ആംപ്ലിഫയറോടുകൂടിയ ഡോൾബി അറ്റ്മോസ് ഓഡിയോ സിസ്റ്റമാണ് നോക്കിയ 6ന്റെ ഏറ്റവും വലിയ പ്രത്യേകത. 15,999 രൂപയ്ക്ക് വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്.
ഒരിടവേളയ്ക്കു ശേഷം നോക്കിയ പുതിയ ആൻഡ്രോയ്ഡ് ഫോണുകളുമായി തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് ഫോണ് പ്രേമികൾ. തങ്ങളുടെ പ്രതീക്ഷകൾ നോക്കിയ ബ്രാൻഡ് അവകാശമുള്ള എച്ച്എംഡി ഗ്ലോബൽ തെറ്റിക്കില്ലെന്ന വിശ്വാസത്തിലാണിവർ. നോക്കിയ 7, 8,9, പി 1, ഡിസി 1, സി 9, ഡി1സി, സെഡ് 2 പ്ലസ്, ഇ 1 തുടങ്ങിയവ നോക്കിയയിൽ നിന്നു പ്രതീക്ഷിക്കുന്ന അത്ഭുതങ്ങളാണ്.
പഴയ നോക്കിയ ട്യൂണുകൾ ബസിലും ബസ് സ്റ്റോപ്പുകളിലും വഴികളിലും മുഴങ്ങിക്കേൾക്കാൻ അധികം കാത്തിരിക്കേണ്ടിവരില്ലെന്ന് കരുതാം.
സോനു തോമസ്