ജീവന്റെ കാര്യത്തിൽ സമയത്തിന് വലിയ പ്രാധാന്യമുണ്ട്. പരിക്കേറ്റവർക്ക് ഏറ്റവും വേഗത്തിൽ രക്തമെത്തിക്കുക, മസ്തിഷ്കമരണം സംഭവിച്ചവരിൽനിന്ന് അവയവങ്ങളെടുത്ത് എത്രയും പെട്ടെന്ന് ആവശ്യക്കാരിലെത്തിക്കുക തുടങ്ങിയ വേളകളിൽ അക്ഷരാർഥത്തിൽ സമയം കൈയിൽപ്പിടിച്ച് പ്രവർത്തിക്കേണ്ടിവരും. രക്തം റോഡ് മാർഗം എത്തിക്കുന്നത് പലപ്പോഴും അപ്രായോഗികമാകും. അത്തരം സാഹചര്യങ്ങളിലാണ് ഡ്രോണ്‍ പ്രതീക്ഷയുടെ മൂളലുമായെത്തുന്നത്.
പാക്കറ്റുകളിലാക്കിയ രക്തം, പ്ലാസ്മ എന്നിവ പ്രത്യേക ശീതീകരണ സംവിധാനമുള്ള ബാഗുകളിൽ കേടുവരാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ അമേരിക്കയിൽ യാഥാർഥ്യമായശേഷം, രക്തമെത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിലുള്ള ഗവേഷണങ്ങൾ വേഗമാർജിച്ചിരുന്നു. റോഡുമാർഗം മണിക്കൂറുകളെടുക്കുന്ന സ്ഥലത്തേക്ക് മിനിറ്റുകൾക്കകം ഡ്രോണിൽ രക്തമെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇപ്പോഴിതാ, ഗവേഷണങ്ങൾക്കു ഫലംകണ്ടുതുടങ്ങിയിരിക്കുന്നു. ആഫ്രിക്കയിലെ റുവാണ്ടയിൽ കഴിഞ്ഞദിവസം സംഗതി വിജയകരമായി പരീക്ഷിച്ചു.
റുവാണ്ടയിലെ കബ്ഗയി ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കാണ് ഡ്രോണിൽ രക്തമെത്തിച്ച് പാരച്യൂട്ടിൽ ഇറക്കിയത്. ചുവന്ന കാർഡ്ബോർഡ് പെട്ടിയിൽ രണ്ടു യൂണിറ്റ് രക്തമുണ്ടായിരുന്നു. ഇത്തരത്തിലുള്ള ലോകത്തെ ആദ്യ ചിറകടിയായിരുന്നു അത്.
റുവാണ്ടൻ സർക്കാരും സിലിക്കണ്‍ വാലിയിലെ റോബോട്ടിക്സ് സ്ഥാപനമായ സിപ്ലൈനും ചേർന്നുള്ള സംരംഭത്തിന്റെ പ്രവർത്തനങ്ങളാണ് വിജയംകണ്ടത്. മുന്‍പ് തലസ്ഥാനമായ കിഗാലിയിൽനിന്ന് മൂന്നും നാലും മണിക്കൂറെടുത്താണ് റോഡ് മാർഗം രക്തം ആശുപത്രിയിൽ എത്തിച്ചിരുന്നത്. ആ സ്ഥാനത്ത് ഡ്രോണ്‍ 15 മിനിറ്റുകൊണ്ട് രക്തവുമായി പറന്നെത്തി. സ്മാർട്ട്ഫോണിൽ വിരലമർത്തി ഓർഡർ കൊടുക്കേണ്ട താമസമേ ഇപ്പോഴുള്ളൂ.
അടിയന്തര സാഹചര്യങ്ങളിൽ മുന്‍പ് ഈ ആശുപത്രിയിൽ രക്തമെത്തുന്നതു കാത്തിരിക്കുന്നതിനേക്കാൾ ഭേദം രോഗിയെ റഫറൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതായിരുന്നു. പലപ്പോഴും രോഗികളുടെ ജീവനു ഭീഷണിയുമായിരുന്നു. വലിയ അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലേക്ക് ഇത്തരത്തിൽ രക്തമെത്തിക്കാൻ കഴിഞ്ഞാൽ മരണസംഖ്യ കുറയ്ക്കാനാകുമെന്നുറപ്പ്.
കഴിഞ്ഞവർഷം അവസാനം സാധനങ്ങൾ എത്തിക്കാനായി ആമസോണ്‍ അവതരിപ്പിച്ച പ്രൈം എയർ സർവീസ് വിജയം കണ്ടിരുന്നു. പിസ ഡെലിവറിക്കും ഏതാനും കേന്ദ്രങ്ങളിൽ ഡ്രോണ്‍ ഉപയോഗിച്ച ചരിത്രമുണ്ട്.
വി.ആർ. ഹരിപ്രസാദ്