പുത്തൻ ഫീച്ചറുകളുമായി പ്ലെസ്റ്റോറിൽ അവതാരമെടുക്കുന്ന ആപ്ലിക്കേഷനുകൾക്കു കണക്കില്ല. ടെലികോം സേവനദാതാക്കൾ ഡാറ്റ നല്കുന്ന കാര്യത്തിൽ ഉദാരമതികളായതോടെ, മിച്ചംവരുന്ന ഡാറ്റ ഉപയോഗിച്ചുതീർക്കാനുള്ള ഉപാധിയായാണ് പലരും ആപ് ഡൗൺലോഡിംഗിനെ കാണുന്നത്. എന്നാൽ, ആർക്കും ഇഷ്ടം തോന്നുന്ന ഫീച്ചറുകളുടെ പുറംമോടിയുമായി പ്രത്യക്ഷപ്പെടുന്ന ആപ്പുകൾക്കു പിന്നിൽ ചതിക്കുഴികൾ ഏറെയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ആപ് ഡൗൺലോഡിംഗിനായി യൂസർ തന്റെ ഫോൺ നന്പർ, ഇമെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ നല്കേണ്ടതുണ്ട്. യൂസേഴ്സിനെ ഒട്ടും ബുദ്ധിമുട്ടിക്കാതെ ഇത്തരത്തിലുള്ള വിവരങ്ങൾ സ്വന്തം നിലയ്ക്കു ശേഖരിക്കാൻ കഴിവുള്ള ആപ്പുകളും ഉണ്ട്. യൂസറുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നാണ് ഇത്തരം ആപ്പുകൾ വിവരങ്ങൾ ശേഖരിക്കുന്നത്. സോഷ്യൽ ലോഗിൻസ് എന്നാണ് ഈ സംവിധാനം അറിയപ്പെടുക.
എന്നാൽ, സോഷ്യൽ ലോഗിംഗിനായി ആപ്പുകൾക്കു യൂസേഴ്സിന്റെ അനുമതി അത്യന്താപേക്ഷിതമാണ്. ഓരോ വിവവും മാന്വലായി നല്കുന്പോഴുള്ള സമയനഷ്ടം കണക്കിലെടുത്തു പലരും ആപ്പുകൾക്ക് സോഷ്യൽ ലോഗിംഗിന് അനുമതി നല്കുന്നു. യൂസറുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ താക്കോൽ കിട്ടുന്നതോടെ പല ആപ്പുകളും ചാരപ്രവർത്തനം ആരംഭിക്കുകയാണു ചെയ്യുന്നത്.
യൂസറിന്റെ സ്വകാര്യമായ വിവരങ്ങൾ വരെ ശേഖരിക്കുന്ന ആപ്പുകൾ മറ്റു കന്പനികൾക്ക് വിൽക്കുന്നുമുണ്ടത്രേ. ഇത്തരത്തിൽ ചതി വ്യാപകമായതോടെ സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കും ഗൂഗിൾ പ്ലസും യൂസേഴ്സിനോട് ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഏതൊക്കെ ആപ്പുകളാണ് സോഷ്യൽ ലോഗിൻസ് പ്രയോജനപ്പെടുത്തുന്നത് എന്നറിയാൻ ഈ രണ്ടു സമൂഹമാധ്യമങ്ങളും സംവിധാനമൊരുക്കിയിട്ടുണ്ട്.
ഫേസ് ബുക്കിൽ: മെനു > അക്കൗണ്ട് സെറ്റിംഗ്സ് > ആപ്സ് ഗൂഗിൽ പ്ലസിൽ: മെനു >അക്കൗണ്ട് > ആപ്സ് വിത്ത് ഗൂഗിൾ പ്ലസ് സൈൻ ഇൻ.