ജോലിയുമായി ബന്ധപ്പെട്ടു വിദൂരനാടുകളിൽ താമസിക്കുന്നവർക്കു വീട്ടിലെ ഭക്ഷണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാകും. സ്റ്റാർ ഹോട്ടലിൽനിന്നുപോലും തങ്ങൾക്കിഷ്ടമായ വിഭവമൊന്നും കിട്ടിയെന്നു വരില്ല.
കിട്ടുന്ന ഭക്ഷണം കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരും. ഇനി സ്വയം പാചകം ചെയ്യാമെന്നു വച്ചാൽ അതിനുള്ള സൗകര്യം ഉണ്ടാവുകയുമില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ടെക്കിയുടെ പാചകം കണ്ടാൽ ഭക്ഷണത്തെക്കുറിച്ചും പാചകത്തെക്കുറിച്ചുമുള്ള ധാരണകളെല്ലാം മാറ്റേണ്ടിവരും. അടുക്കളയും അടുപ്പുമൊന്നുമില്ലാതെ കംപ്യൂട്ടർ സിപിയുവിലാണു “ടെക്കിഷെഫി’ന്റെ പാചകം. തയാറാക്കിയതാകട്ടെ മിനി ആലു പൊറോട്ട!
ആദ്യം മദർബോർഡിലെ ചൂടാക്കിയ പ്രോസസിംഗ് ചിപ്പിൽ എണ്ണ പുരട്ടുന്നു. ചിപ്പിൽ വേവുന്ന അളവിൽ മാവ് തയാറാക്കിയശേഷം അതു സിപിയുവിലേക്ക് വേവാനായി വച്ചു. തുടർന്ന് ചവണകൊണ്ട് മറിച്ചിട്ടു. മിനിറ്റുകൾക്കുള്ളിൽ രുചികരമായ മിനി ആലു പൊറോട്ട റെഡി!
താൻ പാചക ആവശ്യങ്ങൾക്കായി കാലഹരണപ്പെട്ട സിപിയു ഉപയോഗിക്കാറുണ്ടെന്നും എന്നാൽ, സിപിയു ഉപയോഗിച്ചു മറ്റാരും ഇതു പരീക്ഷിക്കരുതെന്നും ഇദ്ദേഹം റീലിനു ചുവടെ കുറിച്ചു. വിചിത്രമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ 5.3 മില്യൺ ആളുകളാണു കണ്ടത്.