ബംഗളൂരു: ഐടി നഗരം എന്ന പ്രശസ്തിയുള്ള ബംഗളൂരു, ഗതാഗതക്കുരുക്കിന്റെ പേരിൽ കുപ്രസിദ്ധമാണ്. വാഹനത്തിരക്കിനെ പഴിക്കാത്ത ഒരൊറ്റ നഗരവാസിപോലും അവിടെയുണ്ടാകില്ല.
ഓഫീസിലേക്കു പോകുന്നതിനിടെ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങിയ ഒരു യുവാവ് ഇരുചക്രവാഹനത്തിലിരുന്നു വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്ന വീഡിയോ ബംഗളൂരുവിലെ ഗതാഗതക്കുരുക്കിന്റെ രൂക്ഷത വ്യക്തമാക്കുന്നു. ഗതാഗതക്കുരുക്കിലകപ്പെട്ട യുവാവ് ലാപ്ടോപ് മടിയിൽ വച്ചാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നത്.
നേരത്തെ റാപ്പിഡോയിൽ സഞ്ചരിക്കവേ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന യുവതി നെറ്റിസൺസിനിടയിൽ വൈറലായിരുന്നു. ഇത്തരം വീഡിയോകൾ ട്രാഫിക് ബ്ലോക്കിനെക്കുറിച്ചു മാത്രമല്ല, യുവാക്കൾ നേരിടുന്ന ജോലി സമ്മർദത്തെക്കൂടി തുറന്നുകാട്ടുന്നു. ജോലിഭാരവും സമ്മർദവും കാരണം ഐടി കമ്പനികളിൽനിന്നു യുവാക്കൾ കൊഴിഞ്ഞുപോകുന്നത് നിലവിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.