പ്രണയമില്ലാത്ത മനുഷ്യന്റെ ജീവിതം പൂക്കളും പഴങ്ങളുമില്ലാത്ത മരങ്ങള്‍ പോലെയാണെന്ന് പറയാറുണ്ട്. വീട്ടുകാര്‍ എതിര്‍ത്തിട്ടും ഒന്നിച്ചു ജീവിക്കണമെന്നു തന്നെയായിരുന്നു അവരുടെ മോഹം. അതിനായി രക്ഷിതാക്കളോട് ഗുഡ്ബൈ പറഞ്ഞ്് ഇറങ്ങിയ അവര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് കാട്ടിയ നിലപാട് അനശ്വര പ്രണയത്തിന്റെ തീവ്രത നിറഞ്ഞ അറിയിപ്പ് കൂടിയായിരുന്നു. ഏവരും അറിയേണ്ടതാണ് ഏഞ്ചല്‍-സുരഭി പ്രണയകഥ. ടെക്നോപാര്‍ക്കിലെ ജീവനക്കാരായ ഇരുവരും ഒന്നിച്ച് ജീവിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത് ഏവര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
കോയമ്പത്തൂരില്‍ നിന്നുള്ള സുരഭിയുടേയും കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുനിന്നുള്ള ഏഞ്ചലിന്റെയും പ്രണയം ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായ ഇവര്‍ വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വീടുകളില്‍നിന്നുമാറി കഴക്കൂട്ടത്തിനടുത്ത് താമസിക്കുകയായിരുന്നു. ഏഞ്ചലിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അച്ഛന് കുലശേഖരം പൊലീസില്‍ നല്കിയ പരാതിയില്‍ സുരഭിയെപ്പറ്റി സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കുലശേഖരം പൊലീസ് സുരഭിയുടെ അമ്മയെയും അനുജനെയും ഏഞ്ചലിന്റെ അച്ഛനെയും അഭിഭാഷകനെയും കൂട്ടി ശനിയാഴ്ച കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സുരഭിയെ ടെക്നോപാര്‍ക്കില്‍ നിന്ന് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നശേഷം സംസാരിച്ചപ്പോഴാണ് ഏഞ്ചല്‍ കഴക്കൂട്ടത്തുതന്നെയുണ്ടെന്നു തീര്‍ച്ചയായത്.
തുടര്‍ന്ന് ഏഞ്ചലിനെയും താമസസ്ഥലത്തുനിന്നു കൊണ്ടുവന്നു. രണ്ടുമാസം മുന്‍പാണ് സുരഭി ടെക്നോപാര്‍ക്കില്‍ ജോലിക്കെത്തിയത്. കഴക്കൂട്ടം എ.സി.പി. ആര്.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും ഒരുമിച്ചു ജീവിക്കണമെന്ന തീരുമാനത്തില്‍ ഇരുവരും ഉറച്ചുനിന്നതോടെ എല്ലാവരും പത്തിമടക്കി. ചര്‍ച്ചയ്ക്കൊടുവില്‍ സന്ധ്യയോടെ സ്റ്റേഷനില്‍ ഒപ്പിട്ടശേഷം പെണ്‍കുട്ടികള്‍ മടങ്ങിപ്പോയി. തങ്ങളിലൊരാള്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി ദാമ്പത്യജീവിതം തുടങ്ങണമെന്നാണ് ഇവരുടെ ആഗ്രഹം. ഇവരുടെ രക്ഷകര്‍ത്താക്കള്‍ തമിഴ്നാട് പൊലീസിനോപ്പം തിരിച്ചുപോയി.
സംസ്ഥാന ട്രാന്‍സ്ജെന്‍ഡേഴ്സ് ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ സൂര്യയും ഇഷാനും സുരഭിയുടെയും ഏഞ്ചലിന്റെയും സഹായത്തിനെത്തിയിരുന്നു. പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഇനി അവര്‍ക്ക് ഇടം കൊടുക്കില്ലെന്ന് പറഞ്ഞതിനാല്‍ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുന്നതായി സൂര്യ പറഞ്ഞു. പാലക്കാട് ജില്ലയിലാണ് സുരഭിയുടെ അമ്മയുടെ സ്വദേശം.
വിവാഹം കഴിഞ്ഞ് അവര്‍ കോയമ്പത്തൂരില്‍ താമസമാക്കുകയായിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന സുരഭിയുടെ പിതാവ് അകാലത്തില്‍ മരിച്ചപ്പോള്‍ അമ്മയ്ക്ക് കന്യാകുമാരി ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ആശ്രിതനിയമനം കിട്ടി. തുടര്‍ന്ന് കുടുംബം കന്യാകുമാരി ജില്ലയിലെ കുലശേഖരത്തേക്ക് താമസം മാറ്റി. ബി.എസ്സി, ഐ.ടി. ബിരുദമുള്ള സുരഭി തക്കലയിലെ സ്വകാര്യ സ്കൂളില്‍ ജോലിക്കെത്തിയപ്പോഴാണ് അവിടെ ജോലി ചെയ്യുകയായിരുന്ന എം.എസ്സി. ബി.എഡ് ബിരുദധാരിയായ ഏഞ്ചലിനെ പരിചയപ്പെട്ട് പ്രണയത്തിലായത്.