സോഷ്യൽ മീഡിയ പ്രമോഷനു വേറിട്ട വഴികൾ തേടുന്നവർക്കു മാതൃകയായി ഒരു ഹോട്ടൽ. ഇറ്റലിയിലെ മിലാനിലുള്ള ‘ദിസ് ഈസ് നോട്ടെ സുഷിബാർ’ എന്ന ഹോട്ടലാണ് സോഷ്യൽ മീഡിയയിൽ പേരെടുക്കാൻ വേറിട്ട പണി പയറ്റിയിരിക്കുന്നത്. ജനപ്രിയ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലാണ് ഇവരുടെ അങ്കം.
സംഭവം ഇങ്ങനെ: ഇൻസ്റ്റഗ്രാമിൽ ഫോളേവേഴ്സുള്ളവർക്കു സൗജന്യമായി ഭക്ഷണം നൽകിയാണ് സോഷ്യൽ മീഡിയപ്രചാരണം. സൗജന്യ ഭക്ഷണം ലഭിക്കാനുള്ള താഴ്ന്ന പരിധി 1000 ഫോളോവേഴ്സ് ആണ്. അതിൽതാഴെ ഫോളേവേഴ്സ് ഉള്ളവർ സൗജന്യം പ്രതീക്ഷിച്ചു കേറേണ്ടതില്ല.
ഫോളേവേഴ്സിന്റെ എണ്ണം കൂടുന്നതനുസരിച്ചു മുന്തിയ ഭക്ഷണം ലഭിക്കും. അളവിലും വർധനയുണ്ടാകും. ഈ സൗജന്യ സേവനത്തിന് ഇൻസ്റ്റഗ്രാം താരങ്ങൾ പ്രത്യുപകാരമായി ചെയ്യേണ്ടത് ഇത്രമാത്രം; ഹോട്ടലിലെത്തിയ ചിത്രം, ഹോട്ടലിന്റെ പേരുവച്ചുള്ള ഹാഷ്ടാഗ് സഹിതം തങ്ങളുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുക.
എന്തായാലും തങ്ങളുടെ ഐഡിയ മിന്നിച്ചെന്നാണ് ഹോട്ടലുടമകളായ മാറ്റേയോയും തോമസോയും പറയുന്നത്. ടെലിവിഷനിലും പത്രങ്ങളിലും പരസ്യം നൽകിയതിനേക്കാൾ മികച്ച ഫലം ഇപ്പോഴാണത്രേ ഇവർക്കു ലഭിച്ചത്.