മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനു വിജയമധുരം. ആറു വിക്കറ്റിനാണ് കിവീസ് ജയം കൊത്തിയെടുത്തു പറന്നത്. 80/3 എന്ന നിലയിൽ തകർച്ചയെ നേരിട്ട കിവീസിനെ നാലാം വിക്കറ്റിൽ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടു പടുത്തുയർത്തി റോസ് ടെയ്ലർ- ടോം ലാഥം കൂട്ടുകെട്ട് ജയത്തിലേക്കു കൈപിടിക്കുകയായിരുന്നു. ജയത്തിലേക്ക് ഒരു റണ്‍സ് മാത്രം ബാക്കിനിൽക്കെ ടെയ്ലർ(95) മടങ്ങിയെങ്കിലും നിക്കോൾസ് കിവീസിനായി വിജയറണ്‍ കുറിച്ചു.
281 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കിവീസിന് സ്കോർ 48 നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. മണ്‍റോ 32 റണ്‍സുമായി മടങ്ങി. 62ൽ വില്ല്യംസണും(6) 80ൽ മാർട്ടിൻ ഗുപ്റ്റിലും പവലിയനിൽ തിരിച്ചെത്തി. ഇതിനുശേഷമായിരുന്നു കിവീസിന്റെ വിജയമുറപ്പിച്ച കൂട്ടുകെട്ട്. ലാഥം 102 പന്തിൽനിന്നു എട്ടു ബൗണ്ടറികളും രണ്ടു സിക്സറുകളുമടക്കം 103 റണ്‍സ് നേടിയപ്പോൾ ടെയ്ലർ 99 പന്തിൽനിന്നു 95 റണ്‍സ് നേടി പുറത്തായി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 200 റണ്‍സ് കൂട്ടിച്ചേർത്തു.
നേരത്തെ, നായകൻ വിരാട് കോഹ്ലിയുടെ പോരാട്ടവീര്യത്തിന്റെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 280 റണ്‍സ് നേടി. വിരാട് കോഹ്ലിയുടെ സെഞ്ചുറിയായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന്റെ സവിശേഷത. കോഹ്ലി 121 റണ്‍സ് നേടി പുറത്തായി. 126 പന്തുകൾ നേരിട്ട കോഹ്ലി 9 ബൗണ്ടറികളും രണ്ടു സിക്സറും പറത്തി. അവസാന ഓവറുകളിൽ ഭുവനേശ്വർ കുമാർ നടത്തിയ മിന്നലടികളാണ് ഇന്ത്യൻ സ്കോർ 280ൽ എത്തിച്ചത്. ഭുവി 15 പന്തിൽനിന്ന് രണ്ടു സിക്സറും രണ്ടു ബൗണ്ടറിയുമടക്കം 26 റണ്‍സ് നേടി പുറത്തായി. കിവീസിനായി ട്രെന്റ് ബോൾട്ട് നാലും ടിം സൗത്തി മൂന്നും വിക്കറ്റ് നേടി.
ഒരുഘട്ടത്തിൽ 71/3 എന്ന നിലയിലായിരുന്ന ഇന്ത്യയെ നായകൻ കോഹ്ലി മധ്യനിരയ്ക്കൊപ്പം കൈകോർത്തു പിടിച്ചുകയറ്റുകയായിരുന്നു. കോഹ്ലിക്കു പുറമേ ദിനേശ് കാർത്തിക്(37), എം.എസ്.ധോണി(24) എന്നിവർക്കു മാത്രമാണു പിടിച്ചുനിൽക്കാനെങ്കിലും കഴിഞ്ഞത്. ശിഖർ ധവാൻ(9), രോഹിത് ശർമ(20), കേദാർ യാദവ്(12), ഹാർദിക് പാണ്ഡ്യ(16) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന.