നിസ്സാര തുകയ്ക്ക് ഇഷ്ടംപോലെ ഡേറ്റയും അണ്‍ലിമിറ്റഡ് കോളും ലഭിച്ചു കൊണ്ടിരുന്ന ആ മധുരകാലത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് വിവരം. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി ടെലികോം കമ്പനികള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഐഡിയയും എയര്‍ടെല്ലും വൊഡഫോണുമാണ് നിരക്കുവര്‍ധിപ്പിക്കാനൊരുങ്ങുന്നത്. വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുകയും സാമ്പത്തിക ബാധ്യത കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ഡിസംബര്‍ മുതലാണ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരിക.
ടെലികോം മേഖലയില്‍ സാങ്കേതിക വികസനത്തിനായി വന്‍തുകയാണ് കണ്ടെത്തേണ്ടി വരുന്നതെന്ന് വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ വക്താക്കള്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നു. എത്ര ശതമാനം വര്‍ധന നിരക്കിലുണ്ടാവുമെന്ന് കമ്പനികള്‍ വിശദമാക്കിയിട്ടില്ല. മേഖലയിലെ നികുതി വര്‍ധന നിരക്ക് വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയിലേക്ക് കമ്പനികളെ എത്തിക്കുന്നുവെന്നാണ് വിവരം. നിലവിലെ ചാര്‍ജുകളേക്കാള്‍ മൂന്നിരട്ടി വരെ നിരക്കില്‍ വര്‍ധനവുണ്ടാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ടെലികോം മേഖലയിലേക്കുള്ള ജിയോയുടെ കടന്നുവരവ് മറ്റ് കമ്പനികളെയെല്ലാം വന്‍ പ്രതിസന്ധിയിലാക്കി. എജിആര്‍ അടവുകളുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ കമ്പനിക്ക് നഷ്ടം ഉണ്ടായതെന്നും ഭാരതി എയര്‍ടെല്‍ വിശദീകരിക്കുന്നുണ്ട്. 28,450 കോടിയാണ് കേന്ദ്രസര്‍ക്കാരിലേക്ക് എയര്‍ടെല്‍ തിരിച്ചടക്കേണ്ടത്. ഇതില്‍ മുതലായി അടക്കേണ്ടത് 6164 കോടിയാണ്. ഇതിന്റെ പലിശ 12219 കോടി, പിഴ 3760 കോടി, പിഴപ്പലിശ 6307 കോടിയുമാണ് തിരിച്ചടക്കേണ്ടത്.
ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജിനെച്ചൊല്ലിയുള്ള തര്‍ക്കവും നിരക്ക് വര്‍ധനക്ക് കാരണമാകുന്നുവെന്നാണ് നിരീക്ഷണം. മിനിറ്റിന് 6 പൈസയാണ് നിലവില്‍ ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് ആയി ഈടാക്കുന്നത്. ഇത് എടുത്ത് കളയണമെന്ന് ജിയോ ആവശ്യപ്പെടുമ്പോള്‍ 14 പൈസയായി ഉയര്‍ത്തണമെന്നാണ് എയര്‍ടെലും വോഡൊഫോണും ആവശ്യപ്പെടുന്നത്. 2020 ജനുവരി 1 മുതല്‍ ഐയുസി വേണ്ടെന്ന നിലപാട് 2017ല്‍ത്തന്നെ ട്രായി കൈക്കൊണ്ടിരുന്നു. മൂന്നു വര്‍ഷം മുമ്പ് വന്‍ ഓഫറുമായെത്തിയ ജിയോ അടുത്തിടെ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നു.
ജിയോ മറ്റ് നെറ്റ്‌വര്‍ക്കുളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റില്‍ ആറു പൈസയാണ് ഇപ്പോള്‍ ഈടാക്കുന്നത്. വര്‍ധിക്കുന്ന മത്സരത്തിന് പിന്നാലെ ചില ചിലവ് കുറഞ്ഞ പ്ലാനുകളും ജിയോ പിന്‍വലിച്ചിരുന്നു. ലോകത്ത് ഏറ്റവും വിലക്കുറവില്‍ മൊബൈല്‍ ലഭ്യമായ രാജ്യമാണ് ഇന്ത്യ. ഡേറ്റ ഉപഭോഗം നിരന്തരം വര്‍ധിച്ചിട്ടും നിരക്കുകളില്‍ കാര്യമായ വര്‍ധനയില്ലായിരുന്നു. ഈ അവസ്ഥയ്ക്കാണ് ഇനി മാറ്റം വരാന്‍ പോകുന്നത്. ഈ നിരക്കു വര്‍ധന ജിയോയ്ക്ക് സഹായകമാവുമോയെന്നാണ് ഇനി കാണാനുള്ളത്.