പിലിക്കോട്: മുസ്ലിം ലീഗ് പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് തീയിട്ടു. ചന്തേരയിലെ സിഎച്ച് മുഹമ്മദ് കോയ സ്മാരക മന്ദിരത്തിന് നേരെയാണ് അക്രമം. ഓഫീസിനകത്തെ മുഴുവൻ ഫർണിച്ചറുകളും കാരംസ് ബോർഡും കത്തി ചാന്പലായി. കെട്ടിടത്തിന്റെ ചുവരുകളും വിണ്ടുകീറിയിട്ടുണ്ട്. മുൻ വശത്തെ ജനൽ കുത്തിതുറന്നു പെട്രോൾ ഒഴിച്ചു തീയിട്ടതാണെന്നാണ് പോലീസ് കരുതുന്നത്.
ഇന്നലെ രാവിലെയാണ് ഓഫീസിലേക്ക് എത്തിയ മുസ്ലിം ലീഗ് പ്രവർത്തകർ സംഭവം അറിയുന്നത്. 1987ൽ മുസ്ലീം ലീഗ് മുൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ഓഫീസ് ഇത് നാലാം തവണയാണ് അക്രമിക്കപ്പെടുന്നതെന്ന് മുസ്ലീം ലീഗ് പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇതിന് മുന്പ് വാതിലുകളും ജനലുകളും കത്തിക്കുകയും പിന്നീട് ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു.
പെയിന്റടിച്ചു നവീകരിച്ച ലീഗ് ഓഫീസ് ഒടുവിൽ കരി ഓയിൽ ഒഴിച്ചും വികൃതമാക്കിയിരുന്നതായും മുസ്ലീം ലീഗ് പിലിക്കോട് പഞ്ചായത്ത് സെക്രട്ടറി എം.ടി.പി. സുലൈമാൻ ഹാജി ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. നീലേശ്വരം സിഐ വി. ഉണ്ണികൃഷ്ണൻ സ്ഥലത്തെത്തി. ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു. ഓഫീസ് തീവച്ചു നശിപ്പിച്ച സംഭവത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. ഷംസുദ്ദീൻ ഹാജി എന്നിവർ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.