ഷിക്കാഗോ/പത്തനംതിട്ട: അമേരിക്കയിൽ തിരുവല്ല സ്വദേശിയായ നഴ്സ് കാമുകന്റെ ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് പ്രണയ തകർച്ചയെത്തുടർന്നെന്ന് പോലീസ്. ടീന ജോലി ചെയ്യുന്ന ആശുപത്രിയിലെ അനസ്തേഷ്യാ വിഭാഗം ഡോക്ടറുമായി 2015 മുതൽ പ്രണയത്തിലായിരുന്നു. ഡോക്ടർ ടീനയോട് പ്രണയാഭ്യർഥന നടത്തുന്ന വീഡിയോ ഏതാനും വര്ഷം മുന്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പ്രണയം നടിച്ച് വഞ്ചിച്ച കാമുകനോട് പ്രതികാരം ചെയ്യാനായി ടീന തെരഞ്ഞെടുത്ത വഴിയായിരുന്നു കാമുകന്റെ ഭാര്യയെ കൊല്ലുക എന്നത്. ഇതിനായി ഡാർക്ക്നെറ്റ് എന്ന ഇന്റർനെറ്റ് ശൃംഖലയ്ക്ക് ജനുവരിയിൽ ക്വട്ടേഷൻ നല്കുകയും തുടർന്ന് ഡിജിറ്റൽ കറൻസിയായ ബീറ്റ്കോയിൻ വഴി പണം കൈമാറുകയും ചെയ്തു.
ക്വട്ടേഷൻ ടീമിന് 10,000 ഡോളർ (ഏകദേശം 6.5 ലക്ഷം രൂപ) നല്കുകയും ചെയ്തു. ഡോക്ടർ വീട്ടിൽ ഇല്ലാത്ത സമയവും മറ്റു വിശദാംശങ്ങളും ഇന്റർനെറ്റിലൂടെ തന്നെ ടീന നൽകി. അപകട മരണമാണെന്ന് തോന്നുന്ന വിധത്തിൽ കൊലപാതകം നടത്തണമെന്നായിരുന്നു ടീനയുടെ ആവശ്യം.
ഇത്തരത്തിലുള്ള ഇന്റർനെറ്റ് ക്വട്ടേഷനുകളെ കുറിച്ച് അന്വേഷണം നടത്തുന്ന സിബിഎസ് ചാനലിന്റെ 48 മണിക്കൂർ പരിപാടിയാണ് ടീനയെ കുടുക്കിയത്. തുടർന്ന് പോലീസ് നടത്തിയ അന്വഷണത്തിനൊടുവിൽ പിടിയിലാവുകയും. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. ഷിക്കാഗൊ ഡ്യൂപേജ് കൗണ്ടി കോടതിയിൽ ഹാജരാക്കിയ ടീനയ്ക്കെതിരെ വധശ്രമത്തിനാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.
കേസ് അടുത്തമാസം 15 ന് ഇനി പരിഗണിക്കും. ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. ജാമ്യം നൽകിയാൽ 1.65 കോടി രൂപ കെട്ടിവയ്ക്കേണ്ടതായും വരും. ശിക്ഷിച്ചാൽ 20 വർഷം തടവ് അനുഭവിക്കുകയും പിഴ ഒടുക്കുകയും വേണ്ടി വരും. പാസ്പോർട്ട് സറണ്ടർ ചെയ്യാനും ഭർത്താവുമായും ഇരയുമായി യാതൊരു വിധത്തിലും ബന്ധപ്പെടാൻ പാടില്ലെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റിലായ ടീനയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.