ഫേസ്ബുക്കില്‍ വ്യാജപ്പേരില്‍ അക്കൗണ്ട് ഉണ്ടാക്കി പതിനഞ്ചുകാരിയെ പ്രണയത്തില്‍ വീഴ്ത്തുകയും പിന്നീട് തട്ടിക്കൊണ്ടു പൊവുകയും ചെയ്ത യുവാവ് പിടിയില്‍. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ ഷോയബ് ഖാനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പതിനെട്ടുകാരനായ ഷോയബ് ഖാന് എസ്കെ സിന്‍ഹ എന്ന പേരില്‍ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാന്‍ ഒക്ടോബര്‍ 22ന് ഇയാള്‍ ഡല്‍ഹിയിലെത്തി.
തന്നെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച ഇയാള്‍ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ബിഹാറിലും യുപിയിലും കറങ്ങിയ ഇയാള്‍ ഒക്ടോബര്‍ 26ന് ഡല്‍ഹി ബദര്‍പുര്‍ അതിര്‍ത്തിയില്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു.
മകളെ കാണാനില്ലെന്നു കാണിച്ച് ഒക്ടോബര്‍ 23ന് പെണ്‍കുട്ടിയുടെ പിതാവ് ഡല്‍ഹി പൊലീസില്‍ പരാതി നല്കി. കുട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സംഭവങ്ങളുടെ ചുരുള്‍ അഴിച്ചത്.
എസ്കെ സിന്‍ഹ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് കുട്ടിക്ക് നിരന്തരമായി മെസ്സേജുകള്‍ വരാറുണ്ടെന്ന് പൊലിസ് കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ എസ്കെ സിന്‍ഹ എന്ന പേരിലുള്ള അക്കൗണ്ട് സൃഷ്ടിച്ചത് ഷോയബ് ഖാന് ആണന്നു വ്യക്തമാവുകയായിരുന്നു.
ഇയാളുടെ ഗ്രാമത്തില്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെയോ വീട്ടുകാരെയോ കണ്ടെത്താനായില്ല. പിന്നീട് ബദര്‍പുര്‍ അതിര്‍ത്തിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.