റോം: മത്സരത്തില്‍ റഫറിയുടെ തീരുമാനം പ്രതികൂലമാവുമ്പോള്‍ അതിന്റെ ദേഷ്യം കളിക്കാര്‍ പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ വനിതാ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കൗമാരക്കാരന് ചെയ്ത പ്രവൃത്തി കണ്ട് ആളുകള്‍ ഇപ്പോള്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. മത്സരത്തിനിടയില്‍ വനിതാ റഫറിയെ തുണിയുരിഞ്ഞു കാട്ടിയ 14 കാരന് ഫുട്ബോളറാണ് ആളുകളെയാകെ ഞെട്ടിച്ചത്. പയ്യനെ ഒരു വര്‍ഷത്തേക്ക് ഫുട്ബോളില്‍ നിന്നു വിലക്കിയിരിക്കുകയാണ്.
ഇറ്റലിയിലെ വെനീസില്‍ മെസ്ട്രേയില്‍ നടന്ന അണ്ടര്‍ 14 ഫുട്ബോള്‍ ടൂര്‍ണമെന്റിനിടയില്‍ ട്രെപ്പോര്‍ട്ടി ടീമിന്റെ കളിക്കാരനായ കുട്ടിയാണ് ഇറ്റാലിയന്‍ ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ പ്രശസ്തയായ വനിതാ റഫറി ഗിലിയ നിക്കാസ്ട്രോയ്ക്ക് നേരെ ഷോര്‍ട്ട് ഇറക്കി കാട്ടിയത്. മോശമായി പെരുമാറിയ കുട്ടിക്ക് ചുവപ്പ് കാര്‍ഡ് കിട്ടി റഫറി പുറത്താക്കുകയും ചെയ്തു. ട്രെപ്പോര്‍ട്ടിയും മിറാനീസും തമ്മിലുള്ള മത്സരത്തിനിടയില്‍ ട്രെപ്പോര്‍ട്ടി ക്ളബ്ബ് കോര്‍ണര്‍ വഴങ്ങി. ഇതിനിടയിലായിരുന്നു പയ്യന്റെ പ്രകടനം.
ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയെന്ന് വിലയിരുത്തിയ ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. വെനീഷ്യന്‍ അച്ചടക്ക കോടതിയുടെ മുന്നിലെത്തിയിരിക്കുന്ന വിഷയം ശരിയെന്ന് തെളിഞ്ഞാല്‍ പയ്യനെ പുന: വിദ്യാഭ്യാസത്തിനായി അയയ്ക്കപ്പെട്ടും. ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് കീഴില്‍ വരുന്ന ഒരു കളിയിലും ഒരു വര്‍ഷത്തേക്ക് പങ്കെടുക്കാനാകില്ല. ശിക്ഷ കടുത്തതല്ലെന്ന് തോന്നിയാല്‍ കൂടുതല്‍ നടപടിയെക്കുറിച്ച് ആലോചിക്കുമെന്ന് ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷനും പറഞ്ഞു.
താഴ്ന്ന ലെവലില്‍ 40 ലധികം മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ളയാളാണ് 22 കാരി നിക്കാസ്ട്രോ. വെനീസില്‍ നിന്നുള്ള ഈ സുന്ദരിക്ക് അനേകം ആരാധകരുമുണ്ട്. അതേസമയം ട്രെപ്പോര്‍ട്ടിയും മിറാനീസും തമ്മിലുള്ള മത്സരത്തിനിടയില്‍ ഉടനീളം നിക്കാസ്ട്രോ അപമാനിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്്. സംഭവത്തില്‍ ട്രെപ്പോര്‍ട്ടി ക്ളബ്ബ് മാപ്പു പറഞ്ഞു. അങ്ങേയറ്റം നിരാശാജനകം എന്നാണ് ക്ളബ്ബിന്റെ ഭാഷ്യം.എന്തായാലും പയ്യന് ഏവരെയും ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണെന്നാണ് പൊതു അഭിപ്രായം.