അഡ്ലെയ്ഡ്: പിഴയടയ്ക്കുന്നതില്നിന്ന് ഒഴിവാകാന്‍ പലരും പലവിധ തന്ത്രങ്ങളും പയറ്റാറുണ്ട്. അത്തരം ഞൊടുക്കുവിദ്യകളിലൂടെ മിക്കവരും രക്ഷപ്പെടാറുമുണ്ട്.
എന്നാല്‍, ഓസ്ട്രേലിയക്കാരിയായ അഡ്രിയാന ഒകാമ്പോ എന്ന പത്തൊന്‍പതുകാരി പിഴ അടയ്ക്കാതിരിക്കാന്‍ കാട്ടിയ തന്ത്രം പാളിയെന്നു മാത്രമല്ല, ആകെ ചമ്മുകയും ചെയ്തു.
അഡ്രിയാനയും സുഹൃത്തായ എമിലി അല്‍തമുറയും ഒരു ട്രിപ്പ് കഴിഞ്ഞ് മെല്‍ബണില്‍നിന്ന് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിലെ സ്വന്തം വീട്ടിലേക്കു വിമാനത്തില്‍ മടങ്ങുകയായിരുന്നു.
വസ്ത്രങ്ങളും യാത്രയ്ക്കിടെ വാങ്ങിയ വസ്തുക്കളുമടക്കം ബാഗ് നിറയെ സാധങ്ങളുണ്ടായിരുന്നു. വിമാനത്തില്‍ കൊണ്ടുപോകാവുന്ന ബാഗിന്റെ ഭാരം പരമാവധി ഏഴ് കിലോ ആണെന്ന് ഇരുവര്‍ക്കുമറിയാം. എന്നാല്‍, വിമാനത്തില്‍ ബാഗ് ആരും പരിശോധിക്കില്ലെന്നാണ് അവര്‍ കരുതിയത്.
പക്ഷേ, അവരുടെ പ്രതീക്ഷ തെറ്റി. വിമാനത്തില്‍ ജീവനക്കാര്‍ ബാഗ് പരിശോധിക്കുന്നത് കണ്ടതോടെ ഇവര്‍ക്കു വെപ്രാളമായി. അഡ്രിയാന ഉടന്‍തന്നെ ബാഗ് തുറന്നു വസ്ത്രങ്ങള്‍ ഓരോന്നായി പുറത്തെടുത്ത് ധരിക്കാന്‍ തുടങ്ങി.
സുഹൃത്ത് എമിലിയും അങ്ങനെത്തന്നെ ചെയ്തു. ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ തൂക്കം നോക്കില്ലല്ലോ എന്നായിരുന്നു ഇവരുടെ ചിന്ത.
അഡ്രിയാന ഈവിധം 15 വസ്ത്രങ്ങളാണ് ഒന്നിനുമേല്‍ ഒന്നായി ധരിച്ചത്. അതില്‍ ടീഷര്‍ട്ടുകളും ട്രൗസറും ജാക്കറ്റുകളുമൊക്കെ ഉണ്ടായിരുന്നു. ഇവയുടെ ആകെ തൂക്കം ആറ് കിലോഗ്രാം.
ഇത്രയൊക്കെ ചെയ്തിട്ടും രക്ഷപ്പെടാനായില്ലെന്നതാണു സങ്കടകരമായ കാര്യം! കാരണം അഡ്രിയാനയുടെ ബാഗില്‍ അപ്പോഴും ഒരു കിലോ അധികമുണ്ടായിരുന്നു.
അതിനാല്‍ തന്നെ അവള്‍ക്ക് അതിനുള്ള പണവും അടയ്ക്കേണ്ടി വന്നു. നിറയെ വസ്ത്രം ധരിച്ച് നില്ക്കുന്ന അഡ്രിയാനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് നാണക്കേടായതു മിച്ചം.