സിനിമാ താരത്തെ പോലെ ആവാനുള്ള ശ്രമത്തിൽ പ്ലാസ്റ്റിക് സർജറിക്കായി 4 മില്യൺ യുവാൻ (563,000 യുഎസ് ഡോളർ) ചെലവഴിച്ച 18 കാരിയായ യുവതി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഷൗ ചുന, 13 വയസ്സുള്ളപ്പോൾ മുതൽ പ്ലാസ്റ്റിക് സർജറി ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു.
ഷൗ 100-ലധികം ഓപ്പറേഷനുകൾക്ക് വിധേയമായിട്ടുണ്ട്. സ്കൂൾ കാലം മുതൽ തന്റെ രൂപത്തെക്കുറിച്ച് ഉത്കണ്ഠയും വിഷാദവും അവൾക്ക് ഉണ്ടായിരുന്നു. മാത്രമല്ല അവൾ സുന്ദരിയായ തന്റെ അമ്മയെപ്പോലെയല്ലെന്ന് ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും പറഞ്ഞത് ഷൗവിൽ അസ്വസ്ഥത ഉണ്ടാക്കി.
പിന്നീട്, ഷാങ്ഹായിലെ ഒരു ഇൻ്റർനാഷണൽ സ്കൂളിൽ പഠിച്ചപ്പോൾ തൻ്റെ സഹപാഠികൾ കൂടുതൽ സുന്ദരികളും ആത്മവിശ്വാസം ഉള്ളവരാണെന്നും അവൾ വിശ്വസിച്ചു. ഷൗവിന് അവരോട് അസൂയയും തോന്നി. അങ്ങനെ തന്റെ രൂപം മെച്ചപ്പെടുത്താൻ അവൾ തീരുമാനിച്ചു.
ഷൗവിൻ്റെ അമ്മ അവൾക്ക് 13 വയസ്സുള്ളപ്പോൾ ആദ്യത്തെ ഓപ്പറേഷൻ നടത്തുന്നതിന് അനുമതി നൽകി. മറ്റ് മെഡിക്കൽ നടപടിക്രമങ്ങൾ പിന്തുടരാൻ സ്കൂളിൽ നിന്ന് പോലും അവൾ ഇറങ്ങി.
ഷൗ അനുഭവിച്ച ഏറ്റവും വേദനാജനകമായ ശസ്ത്രക്രിയ അസ്ഥി ഷേവിംഗാണ്. ശസ്ത്രക്രിയ 10 മണിക്കൂറിലധികം നീണ്ടുവെന്നും 15 ദിവസം കിടപ്പിലായെന്നും അവർ പറഞ്ഞു. ആ കാലയളവിൽ അവൾ എല്ലായ്പ്പോഴും മലർന്നാണ് കിടന്നത്. കൂടാതെ ഭക്ഷണത്തിന് പകരം ദ്രാവകങ്ങൾ മാത്രംമാണ് ഉപയോഗിച്ചിരുന്നത്.
ആ സമയത്ത് ഒരു ഡോക്ടറും അവളുടെ രണ്ടാമത്തെ ഓപ്പറേഷൻ നടത്താൻ തയ്യാറായില്ല. അതിനാൽ മറ്റൊരു നടപടിക്രമം ആവശ്യമുള്ളപ്പോഴെല്ലാം അവൾ പുതിയ ഡോക്ടറെ കണ്ടെത്തി. ഷാങ്ഹായിലെ എല്ലാ പ്ലാസ്റ്റിക് സർജറി ആശുപത്രികളും ഷൗ സന്ദർശിച്ചു.
തന്റെ പഴയ സുഹൃത്തുക്കൾ ഇപ്പോൾ തന്നെ തിരിച്ചറിയുന്നില്ലെന്നും ഷൗ പറഞ്ഞു. എന്നാൽ ഷൗവിൻ്റെ അമ്മ അവളുടെ ഈ ആസക്തിയെ പിന്തുണയ്ക്കുന്നത് നിർത്തി. ഷൗവിൻ്റെ പുതിയ രൂപം അവളുടെ അച്ഛൻ അംഗീകരിക്കുന്നില്ല.
തൻ്റെ മാതാപിതാക്കളോട് താൻ അവരുടെ മകളാണോ എന്ന് സുഹൃത്തുക്കൾ ചോദിക്കുമ്പോൾ, അവർ അത് സമ്മതിക്കാൻ തയാറാകുന്നില്ലന്നും ഷൗ വ്യക്തമാക്കി. ഒടുവിൽ ശസ്ത്രക്രിയ നിർത്തിയതായി അവർ പറഞ്ഞു.
ഷാങ്ഹായ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ മെഡിക്കൽ കോസ്മെറ്റിക് ഹോസ്പിറ്റലിലെ ഡോക്ടറായ ലിൻ യോങ്ഗാങ് പറഞ്ഞതനുസരിച്ച് ഷൗവിൽ ഇനി പ്ലാസ്റ്റിക് സർജറി നടത്താനാവില്ല. അവളുടെ മുഖം നശിക്കും. അനസ്തേഷ്യയുടെ അമിതോപയോഗം മൂലമുള്ള പേശികളുടെ വിറയൽ, മുഖത്തെ നാഡികളുടെ തകരാർ, മസ്തിഷ്ക ക്ഷതം എന്നിവയുൾപ്പെടെ നിരവധി പാർശ്വഫലങ്ങൾ ഉണ്ടാക്കും. എന്തായാലും ഷൗവിന്റെ ഈ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.