കോഴിക്കോട്: നാദാപുരത്ത് നിന്ന് കാണാതായ 16കാരിയെ യുവാവിനൊപ്പം തിരുവനന്തപുരത്ത് കണ്ടെത്തി. കായക്കൊടി സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മെയ് 31ന് വൈകീട്ട് അമ്മയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. നാദാപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കായക്കൊടി സ്വദേശിക്കൊപ്പമാണ് പെണ്‍കുട്ടി പോയതെന്ന് വ്യക്തമായി. ഇതോടെ ജില്ലയ്ക്ക് പുറത്തേക്ക് അന്വേഷണം നീട്ടി.
യുവാവിനെ കാണാനില്ലെന്ന് അറിഞ്ഞ് വിദേശത്തുള്ള മാതാപിതാക്കള്‍ നാട്ടിലെത്തി. ഇവരുടെ ഉടമസ്ഥതയില്‍ കേരളത്തിലും കര്‍ണ്ണാടകത്തിലുമുള്ള വിവിധ എസ്റ്റേറ്റുകളില്‍ തെരച്ചില്‍ നടത്തി. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇവര്‍ സഞ്ചരിച്ച കെ.എല്‍ 18 എന്‍ 3600 നമ്പര്‍ ഇന്നോവ കാര്‍ അന്വേഷണ സംഘം കണ്ടെടുത്തു. ഇവര്‍ കോഴിക്കോട്ടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായും കണ്ടെത്തി.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തെക്കന്‍ കേരളത്തിലേക്ക് പോയതായി മനസിലായി. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ശനിയാഴ്ച രാത്രി തിരുവനന്തപുരത്താണെന്ന് കണ്ടെത്തിയതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി. തുടര്‍ന്ന് വഞ്ചിയൂരിലെ സ്വകാര്യ മാളിനടുത്തുവച്ച് ഉച്ചയോടെ ഇരുവരെയും പൊലീസ് കണ്ടെത്തുകയായിരുന്നു.