ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ അനുദിനം കൂടിവരികയാണ്. കൗമാരക്കാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെ ഇത്തരം തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നു. സാങ്കേതികതയുടെ ദുരുപയോഗമാണ് ഇത്തരം തട്ടിപ്പുകളുടെയെല്ലാം ആണിക്കല്ല്. സമീപകാലത്ത് ബ്രിട്ടനില്‍ നിന്ന് പുറത്തു വന്ന ഒരു വാര്‍ത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. കമ്പ്യൂട്ടര്‍ ശൃംഗലകളെ തകര്‍ക്കുന്ന മാല്‍വെയര്‍ നിര്‍മ്മിച്ചു വിറ്റതിലൂടെ കൗമാരക്കാരന്‍ സ്വന്തമാക്കിയത് നാലു ലക്ഷം ബ്രിട്ടീഷ് പൗണ്ടാണ്. ഇന്ത്യന്‍ കറന്‍സിയില്‍ പറഞ്ഞാല്‍ ഏകദേശം 33 കോടി രൂപ.
കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ തകര്‍ക്കാന്‍ ശേഷിയുള്ള മാള്‍വെയര്‍(ബഗ്ഗ്) നിര്‍മിച്ച് വില്‍പന നടത്തിയാണ് ആദം മഡ് എന്ന കൗമാരക്കാരന്‍ കോടീശ്വരനായത്. പതിനഞ്ചാം വയസ്സിലാണ് ആദം ഈ മാള്‍വെയര്‍ വികസിപ്പിച്ചെടുക്കുന്നത്. തുടര്‍ന്ന് ഡാര്‍ക്ക് വെബില്‍ ലിസ്റ്റ് ചെയ്ത് സൈബര്‍ കുറ്റവാളികള്‍ക്ക് വില്‍ക്കുകയായിരുന്നു. കുറ്റകൃത്യം കണ്ടെത്തിയതോടെ ആദമിനെ പൊലീസ് അറസ്റ്റ് ചെയ്തു തടവിലാക്കി. ഇപ്പോള്‍ 20 വയസ്സുള്ള ആദമിന്റെ കേസ് കോടതിയിലാണ്. 112,000 സൈബര്‍ കുറ്റവാളികള്‍ക്കാണ് മാള്‍വെയര്‍ വിറ്റത്. ഇതിലൂടെ ഏകദേശം 666,000 ഐഡി അഡ്രസ്സുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ആഢംബര ജീവിതം നയിക്കാന്‍ പണം കണ്ടെത്താന്‍ വേണ്ടിയാണ് ചെറുപ്രായത്തില്‍ തന്നെ ആദം മാള്‍വെയര്‍ നിര്‍മിച്ചിരുന്നത്. 2015 ലാണ് ആദം അറസ്റ്റിലാകുന്നത്. ടെക് ലോകത്തെ ഒട്ടുമിക്ക സംവിധാനങ്ങളെയും ആക്രമിക്കാന്‍ ശേഷിയുള്ള മാള്‍വെയറാണ് ആദം വില്‍പന നടത്തിയിരുന്നത്. മൈന്‍ക്രാഫ്റ്റ്, എക്‌സ്‌ബോക്‌സ് ലൈവ്, മറ്റു കംപ്യൂട്ടര്‍ ഗെയിം നെറ്റ്വര്‍ക്കുകളും ആക്രമിക്കപ്പെട്ടു. ആദത്തിന്റെ വഴി പിന്തുടരുന്ന കൗമാരക്കാരുടെ എണ്ണം കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.