കാമുകിയെ കാണാൻ വാലന്റൈൻസ് ദിനത്തിൽ എത്തിയ 19 കാരനെ കാമുകിയുടെ സുഹൃത്തുക്കൾ തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം.
തന്റെ വീട്ടിൽ നിന്നും ഫെബ്രുവരി 13ന് 125 കിലോമീറ്റർ യാത്ര ചെയ്താണ് കൗമാരക്കാരൻ കാമുകിയുടെ നാട്ടിലെത്തിയത്. പ്രണയദിനത്തിൽ കാമുകിയെ കണ്ട് സമ്മാനം നൽകാനാണ് കൗമാരക്കാരൻ ഇവിടേക്ക് എത്തിയത്.
എന്നാൽ കാമുകിയുടെ സുഹൃത്തുക്കൾ ചേർന്ന് ഇയാളെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽവച്ച് എട്ട് മണിക്കൂറോളം ബന്ധിയാക്കി മർദിക്കുകയും ചെയ്തു.
നർസിംഗ്പൂരിലെ ഗദർവാരയിൽ നിന്നുള്ള ജാതവ് എന്ന 19 കാരനാണ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനായി വീട് വിട്ടിറങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മിൽ പ്രണത്തിലാവുകയും പ്രണയദിനത്തിൽ പരസ്പരം കാണാൻ തീരുമാനിക്കുകയും ചെയ്തു.
ഈ വിവരമറിഞ്ഞ കാമുകിയുടെ ഏതാനും സുഹൃത്തുക്കൾ ചേർന്ന് ഫെബ്രുവരി 14 ന് ചിന്ദ്വാരയിൽ എത്തിയ ജാതവിനെ തട്ടികൊണ്ട് പോവുകയായിരുന്നു. സൈജു, അഭയ്, മുകേഷ് എന്നീ യുവാക്കൾക്കെതിരെ പാരതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.