ജയ്പൂർ: അടുത്ത അധ്യായന വർഷം മുതൽ രാജസ്ഥാനിലെ സർക്കാർ കോളജുകളിൽ വിദ്യാർഥികൾ ജീൻസോ ടീ ഷർട്ടോ ധരിക്കരുതെന്നും സാരിയോ സൽവാറോ ധരിച്ചാൽ മതിയെന്ന സർക്കാർ ഉത്തരവ് വിവാദമാകുന്നു.
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം പെണ്‍കുട്ടികൾ സാരിയോ സൽവാറോ മാത്രമേ കോളജുകളിൽ ധരിക്കാൻ പാടുള്ള. പാന്റ്സും ഷർട്ടുമാണ് ആണ്‍കുട്ടികൾ ധരിക്കേണ്ടത്. നിലവിൽ രാജസ്ഥാനിലെ കോളജ് വിദ്യാർഥികൾ ഏറ്റവുമധികം ഉപയോഗിക്കുന്നത് ജീൻസാണ്.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വസ്ത്രങ്ങളുടെ നിറം തീരുമാനിക്കാൻ പ്രിൻസിപ്പൽമാർക്ക് അവസരം നൽകിയിട്ടുണ്ട്. മാർച്ച് 12 നകമാണ് നിർദേശങ്ങൾ സമർപ്പിക്കേണ്ടത്. ഈ നടപടിക്കെതിരെ കോളജ് വിദ്യാർഥികൾ കനത്ത പ്രക്ഷോഭവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
പുറത്തു നിന്നുള്ളവരും പൂർവ്വ വിദ്യാർഥികളും കോളജ് കാന്പസിനുള്ളിൽ പ്രവേശിച്ച് പ്രശ്നങ്ങൾ സ്യഷ്്ടിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള സർക്കാരിന്റെ കടന്നുകയറ്റമാണിതെന്ന് വിദ്യാർഥികൾ പറയുന്നു.
സർക്കുലറിനെതിരെ പ്യൂപ്പിൾ യൂണിയൻ സിവിൽ ലിബർട്ടീസും രംഗത്തെത്തി. വിദ്യാർഥികൾ എന്ത് വസ്രം ധരിക്കണം എന്നുള്ളതിന്റെ അവകാശം അവർക്കുണ്ട്. പെണ്‍കുട്ടികളോട് സാരിയും സൽവാറും മാത്രം ധരിക്കാൻ പറയുന്നതിലൂടെ അവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും യൂണിയൻ പറഞ്ഞു. ഇതെല്ലാം സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും യൂണിയൻ ആരോപിച്ചു.
രാജസ്ഥാൻ വനിതാ കമ്മീഷൻ മുൻ അധ്യക്ഷയും സർക്കുലറിനെതിരെ രംഗത്തെത്തി. നാളെ സർക്കാർ പെണ്‍കുട്ടികളോട് മുഖം മറച്ചുവച്ച് കോളജിൽ എത്താൻ ആവശ്യപ്പെടും. ഏതു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ പെണ്‍കുട്ടികളെ പ്രാചീന കാലഘട്ടത്തിലേക്ക് തള്ളിവിടുകയാണോ എന്നും അവർ ചോദിച്ചു.