പല്ലുവേദനയുമായി എത്തി, ഡോക്ടര്‍ പറിച്ചത് നല്ല പല്ല്! ഡോക്ടറുടെ മറുപടി കേട്ട വീട്ടമ്മ നേരെ പോയത് പോലീസ് സ്‌റ്റേഷനിലേക്ക്, കുമരകത്തെ ഡോക്ടര്‍ സ്ഥിരം പ്രശ്‌നക്കാരന്‍

teethകോട്ടയം കുമരകത്താണ് സംഭവം. പല്ലു കേടായി വേദന സഹിക്കാനാവാതെ ദന്താശുപത്രിയിലെത്തിയ വീട്ടമ്മയാണ് ഡോക്ടറുടെ അശ്രദ്ധയ്ക്ക് ഇരയായത്. കേടായ പല്ലിനു പകരം മറ്റൊരു പല്ല് പറിച്ചതിനെതിരേ വീട്ടമ്മ കുമരകം പോലീസില്‍ പരാതി നല്‍കി. കുമരകത്തെ സ്വകാര്യ ദന്തല്‍ ക്ലിനിക്കിലെ ഡോക്ടര്‍ക്കെതിരേയാണ് മുപ്പത്തേഴുകാരിയായ വീട്ടമ്മയുടെ പരാതി.

പല്ലുവേദനയെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ഡോക്ടറെ സമീപിച്ച വീട്ടമ്മയ്ക്ക് മോണയ്ക്കു പഴുപ്പാണെന്നും രണ്ടു ദിവസം മരുന്നു കഴിച്ചശേഷം പല്ല് പറിക്കാമെന്നും നിര്‍ദേശിച്ചു. ഇന്നലെ ഉച്ചയോടെ പല്ലുപറിക്കാന്‍ എത്തിയപ്പോഴാണ് ഡോക്ടര്‍ കേടായ പല്ലിനു പകരം നല്ല പല്ല് പറിച്ചത്. വീട്ടിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വേദന കുറയാത്തതിനെത്തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് വിവരം മനസിലാകുന്നത്. ഇതോടെ വീട്ടമ്മ ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടു.

കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഡോക്ടറുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. പറിച്ച പല്ല് ഇവിടെ ഇരിപ്പുണ്ട്, വന്നാല്‍ തന്നുവിടാം എന്ന മറുപടിയാണ് ലഭിച്ചതെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. ഈ ദന്താശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ മുമ്പും പല തവണ പരാതി ഉണ്ടായിട്ടുണ്ട്. 20 വര്‍ഷം മുമ്പ് ചികിത്സതേടിയെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതിന് ഇയാള്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിരുന്നു.

Related posts