ആഹാരം ചവച്ചരച്ചു കഴിക്കാനും മുഖത്തിന്റെ ഭംഗിക്ക് മാറ്റു കൂട്ടാനും പ്രതിരോധത്തിനുമാണ് പല്ലുകൾ. ഭക്ഷണം ചവച്ചരച്ചു കഴിക്കാനാണ് പല്ലിന്റെ പുറംതോട് ഇനാമൽ എന്ന ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥം ഉപയോഗിച്ച് നിർമിക്കപ്പെട്ടിരിക്കുന്നത്.
ഇനാമൽ പല്ലിന്റെ മുകളിൽ 2.5 മില്ലി മീറ്റർ കനത്തിൽ ആവരണം ചെയ്തിരിക്കുന്നു. പല്ലിന്റെ ഉപരിതലം കുഴികൾ, ഉയർന്നതലം എന്ന രീതിയിലാണ് ഉള്ളത്.
ഉയർന്ന തലത്തിൽ പരമാവധി ആവരണവും താഴ്ന്നതലത്തിൽ നേർത്ത ആവരണവുമാണ് കാണപ്പെടുന്നത്. ഇതിന്റെയുള്ളിൽ ഡന്റയിൻ എന്ന അംശവും അതിനു കീഴിൽ രക്തക്കുഴലുകളുടെ ഞരന്പും അടങ്ങുന്ന അംശവും സ്ഥിതി ചെയ്യുന്നു.
പല്ലുപുളിപ്പ്
പല്ലിന്റെ പുളിപ്പ് എന്നത് ഒരു രോഗലക്ഷണമാണ്. ഈ ലക്ഷണം അവഗണിക്കരുത്. ഇനാമൽ നഷ്ടപ്പെട്ട് ഡന്റയിൻ പുറത്തേക്ക് എത്തിത്തുടങ്ങുന്പോൾ പുളിപ്പ് തുടങ്ങുന്നു.
കാരണങ്ങൾ
*. പോട് – പോട് ഉണ്ടാകുന്പോൾ ഇനാമൽ ദ്രവിക്കുന്നു.
* തേയ്മാനം
* ബ്രഷിംഗിൽ നിന്ന് അമിതമായ ശക്തി
* രാത്രിയിലെ പല്ലിറുമ്മലിൽ നിന്ന് അമിതമായ ശക്തി
* വയറ്റിൽ ഉള്ള അമ്ളാംശം വായിൽ വരുന്നതുമൂലം
പോട് കണ്ടെത്താൻ എക്സ് റേ
* പോട് തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് ചികിത്സകൾ നടത്തുക. എക്സ് റേ പോലെയുള്ള പരിശോധനകളിൽ രണ്ട് പല്ലുകൾക്കിടയിലുള്ള പോട് കാണാനാവും.
* പോട് ഉണ്ടാകാതിരിക്കാൻ പിറ്റ് + ഫിഷർ ചികിത്സ നടത്തണം.
ശരിയായി ബ്രഷ് ചെയ്യാൻ പഠിക്കാം
ബ്രഷ് കൃത്യമായി ഉപയോഗിക്കാൻ പഠിക്കുക. കുട്ടികളിൽ ബ്രഷിംഗ് കൃത്യമാക്കുക. ഡന്റിസ്റ്റിൽ നിന്നു തന്നെ ശരിയായ ബ്രഷിംഗ് ടെക്നിക് പഠിക്കുക. നിരന്തരമായി തെറ്റിയുള്ള പല്ലുതേപ്പിൽ 2.5 മില്ലീമീറ്റർ തേഞ്ഞു പോകുവാൻ സാധ്യതയുണ്ട്.
ഇത് പല്ലിന്റെ ബലം കുറയ്ക്കുന്നു. കൈപ്പത്തിയുടെ ബലം മാത്രം ഉപയോഗിച്ച് പല്ല് തേയ്ക്കാൻ പഠിക്കുക. വിരൽ ഉപയോഗിച്ച് പല്ലിന്റെയും മോണ ചേരുന്നതിന്റെയും തലത്തിൽ പരിശോധിച്ചാൽ തേയ്മാനം സ്വയം മനസിലാക്കാനാവും.
പല്ലിറുമ്മൽ ഒഴിവാക്കാം
* രാത്രിയിൽ പല്ലിറുമ്മൽ ഉള്ളവർ നിർബന്ധമായും ദന്തചികിത്സകന്റെ സഹായത്താൽ നൈറ്റ് ഗാർഡ് ഉണ്ടാക്കിയെടുത്ത്
ഉപയോഗിക്കേണ്ടതാണ്.
അസിഡിറ്റി പ്രശ്നങ്ങൾ
* അസിഡിറ്റി ഉള്ളവർ ഡോക്ടറെ കണ്ടു പരിശോധിച്ച് ചികിത്സകളും ഭക്ഷണക്രമീകരണങ്ങളും നടത്തേണ്ടതാണ്.
ക്ലീനിംഗ്
* ക്ലീനിംഗ്(ഡേക്കലിംഗ്) വർഷത്തിൽ ഒരിക്കൽ ക്ലിനിക്കിൽ ഡോക്ടറുടെ അടുത്തുചെന്ന് നടത്തണം
നിരതെറ്റൽ
* പല്ല് നിരതെറ്റൽ ചെറുപ്പത്തിലെ കണ്ടുപിടിച്ച് ചികിത്സിക്കാൻ ശ്രദ്ധിക്കണം.ആധുനിക ഭക്ഷണ സംസ്കാരം പല്ലിന്റെ പ്രശ്നങ്ങൾ കൂടുതലാകുന്നതിനു കാരണമാണ്. പറ്റിപ്പിടിച്ചിരിക്കുന്ന തരത്തിലുള്ള ആഹാരം കൂടുതൽ ഉപയോഗത്തിലുള്ളതിനാൽ പല്ലുകൾക്ക് പ്രത്യേക പരിരക്ഷ ആവശ്യമാണ്. പരിശോധനകളും പ്രതിരോധ ചികിത്സയും കൃത്യമായി തുടർന്നാൽ മിക്ക ദന്തരോഗങ്ങളും തടയാനും ചികിത്സിച്ചു ഭേദമാക്കാനും സാധിക്കും.