മോണയുടെ നീളം കൂടുതലുള്ളതും പല്ലിന്റെ വലുപ്പം കുറവുള്ളതുമായ സാഹചര്യത്തിൽ മുൻവശത്തെ പല്ലുകൾ കന്പിയുപയോഗിച്ച് അടുപ്പിക്കുകയും പിൻവശത്തെ പല്ലുകൾക്കിടയിൽ വിടവുണ്ടാക്കുകയും ചെയ്യും.
ആ വിടവ് പിന്നീട് പല്ല് വച്ചുകൊടുത്ത് അടയ്ക്കുന്നതുമായ ചികിത്സാരീതിയാണ് കൂടുതലായും ഉപയോഗിക്കുന്നത്.
ജന്മനാ പല്ല് ഇല്ലെങ്കിൽ
ജന്മനാ ഏതെങ്കിലും പല്ല് ഇല്ലാത്ത സന്ദർഭങ്ങളിൽ അതുവളരെ നേരത്തേതന്നെ തിരിച്ചറിയുന്നതു ചികിത്സയ്ക്ക് വളരെ സഹായകരമായേക്കാം.
ഇല്ലാത്ത പല്ലുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ചികിത്സയും പ്രയാസകരമാകും. ജന്മനാ ഇല്ലാത്ത പല്ലുകളുടെ ചികിത്സ, വളർച്ച പൂർത്തിയാകുന്നതിനു മുന്പുതന്നെ ടൂത്ത് ഓട്ടോ ട്രാൻസ്പ്ലാന്റ് നടത്തി ശരിയാക്കാവുന്നതാണ്.
മുൻനിരയിലെ രണ്ടാമത്തെ പല്ല് ഇല്ലെങ്കിൽ
മുൻനിരയിലെ രണ്ടാമത്തെ പല്ല് ഇല്ലാത്ത സാഹചര്യമാണ് വിടവിന് കാരണമെങ്കിൽ, കോന്പല്ലിനെ രണ്ടാമത്തെ പല്ലിന്റെ സ്ഥാനത്തേക്ക് കന്പിയിട്ട് കൊണ്ടുവരികയും പിറകിലുള്ള പല്ലുകളെ വലത്തോട്ടു നീക്കുകയും ചെയ്ത് വിടവ് കന്പിയിട്ട് ശരിയാക്കുകയും ചെയ്യാവുന്നതാണ്.
കോന്പല്ലിനെ രാകിമുൻനിരയിലെ പല്ലിന്റെ രൂപത്തിൽ ആക്കുകയും ചെയ്യാം. സ്ഥിര ദന്തക്രമത്തിൽ ഇല്ലാത്ത പല്ലുകൊണ്ടോ വായിലെ മുഴ (കാൻസർ) കൊണ്ടോ ഉണ്ടാകുന്ന വിടവ് എത്രയും വേഗം തന്നെ കണ്ടുപിടിച്ച് ശസ്ത്രക്രിയ ചെയ്ത് ചികിത്സിക്കേണ്ടതാണ്.
വിടവ് ചെറിയ തോതിലെങ്കിൽ
പല്ലിന്റെ വലുപ്പക്കുറവു കാരണമുള്ള വിടവോ പല്ലിന്റെ രൂപവ്യത്യാസംകൊണ്ടുള്ള വിടവോ ചെറിയ തോതിലാണെങ്കിൽ ചികിത്സയൊന്നുംതന്നെ വേണ്ടതില്ല.
വിടവ് വളരെ കൂടുതലാണെങ്കിൽ പല്ലിന്റെ വേരിന് ആവശ്യത്തിനു വളർച്ചയുള്ള സന്ദർഭത്തിലാണെങ്കിൽ കന്പിയിട്ട് വിടവ് ശരിയാക്കിയതിനു ശേഷം രൂപവ്യത്യാസമുള്ള പല്ലിൽ പല്ലിന്റെ നിറമുള്ള മെറ്റീരിയൽ വച്ചു രൂപഭംഗി വരുത്താവുന്നതാണ്.
കുട്ടികളിൽ
കുട്ടികളിലെ വിനാശകരമായ ശീലങ്ങൾ കാരണമുള്ള വിടവ്, കൈ കുടിക്കുക, നാക്കുകൊണ്ട് പല്ല് തള്ളുക, വായ തുറന്നുറങ്ങുക എന്നീ ശീലങ്ങൾ നിർത്താതെ പൂർണമായും വിടവ് അടയ്ക്കാൻ സാധിക്കുന്നതല്ല.
പല്ല് പറിക്കേണ്ട സാഹചര്യം വന്നാൽ, അത് പറിച്ച ഉടൻ തന്നെ ആ വിടവ് നിലനിർത്താനുള്ള കന്പി കുട്ടികളിലും വെപ്പുപല്ല് വലിയവരിലും ഉപയോഗിക്കുന്നത് പല്ല് നീങ്ങിപ്പോകുന്നതു തടയാൻ സഹായിക്കും.
പല്ലിന്റെ വളർച്ച പതിയെ ആയാൽ
സ്ഥിര ദന്തക്രമത്തിലെ പല്ലിന്റെ പതിയെയുള്ള വളർച്ച വിടവിന് കാരണമാകാം. അത്തരം സന്ദർഭങ്ങൾ നേരത്തേതന്നെ തിരിച്ചറിയേണ്ടത് ആവശ്യമാണ്. അതിനു ദന്തൽ എക്സ്റേ ഉപയോഗിക്കാവുന്നതാണ്. പല്ല് വരുന്നതിന് എന്താണു തടസം എന്നു മനസിലാക്കി അത് നീക്കംചെയ്യേണ്ടതാണ്.
മോണരോഗം
മോണരോഗം കാരണമുള്ള പല്ലിനിടയിലെ വിടവ് കന്പിയിട്ട് ശരിയാക്കുന്നതിന് മുന്പുതന്നെ മോണരോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കേണ്ടതാണ്.
മുകൾചുണ്ടിനെ മോണയുമായി ബന്ധിപ്പിക്കുന്ന കോശത്തിന്റെ കട്ടി കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്യേണ്ട സന്ദർഭത്തിൽ അതു ചെയ്ത് പല്ലുകൾക്കിടയിലെ വിടവ് മാറ്റാവുന്നതാണ്.
കന്പിയിട്ട ശേഷം…
കന്പിയിട്ട് ശരിയാക്കിയ ശേഷം പല്ലുകൾ ശരിയായ നിരയിൽ ഇരിക്കണമെന്നില്ല. അതുകൊണ്ട് അത് നിലനിർത്താനായി
ഒറ്റക്കന്പി ഉപയോഗിക്കേണ്ടതാണ്. ദന്തനിര ശരിയായി നിലനിർത്താൻ ഊരിവയ്ക്കാവുന്നതോ സ്ഥിരമായി ഉറപ്പിച്ചുവയ്ക്കാവുന്നതോ ആയ കന്പി ഉപയോഗിക്കാം.
പല്ല് ഇല്ലാത്ത സാഹചര്യത്തിൽ ആ വിടവ് പല്ല് വച്ചുകൊടുത്ത് മറ്റു പല്ലുക ൾ നീങ്ങിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം. 50 ശതമാനം നിരതെറ്റലിനുള്ള അവസരം കന്പി ഇട്ടുള്ള ദന്തചികിത്സയ്ക്ക് ശേഷവുമുണ്ട്.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903