പല്ലുകളിൽ സ്ഥിരമായി പുളിപ്പ് അനുഭവപ്പെടുന്നതിന്റെ അടിസ്ഥാന കാരണം പല്ലിനു പുറമേ കാണുന്ന ഇനാമൽ എന്ന വെളുത്തഭാഗം അമിത ബലപ്രയോഗത്തിലൂടെ നഷ്ടപ്പെടുന്നതാണ്.
ഇനാമലിൽ ഉണ്ടായ വിടവ് കൃത്രിമമായി അടച്ചു കൊണ്ടോ അനുയോജ്യമായ ഡീസെൻസിറ്റയ്സിംഗ് ടൂത്ത് പേസ്റ്റ് നിർദേശിച്ചുകൊണ്ടോ ഒരു ദന്തരോഗവിദഗ്ധന് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
പല്ലുകളുടെ അനക്കം കൂടിയാൽ
ആരോഗ്യമുള്ള പല്ലുകളിൽ ബലം കൊടുക്കുമ്പോൾ അവ ചെറുതായി അനങ്ങുന്നത് സ്വാഭാവികവും പല്ലുകൾ പെട്ടെന്ന് പൊട്ടിപ്പോകാതിരിക്കാനുള്ള പ്രകൃതിയുടെ സജ്ജീകരണവുമാണ്. പക്ഷേ, അനക്കം അധികമായിത്തോന്നിയാൽ ഉടൻ ദന്തചികിത്സ തേടുന്നത് അഭികാമ്യമാണ്.
തണുപ്പോ ചൂടോ…
തണുപ്പോ ചൂടോ മൂലം പല്ലുകളിൽ അസ്വസ്ഥത ഉണ്ടാകുന്നത് പല്ലുകളും മോണയും തമ്മിലുള്ള ബന്ധം ദുർബലമാകുന്നതിന്റെ സൂചനയാണ്.
സാധാരണ മധ്യവയസ്കരിൽ കണ്ടുതുടങ്ങുന്ന ഈ പ്രശ്നം, പല്ലുകളുടെ നീളം വർധിപ്പിക്കുകയും പല്ലുകളുടെയിടയിൽ വിടവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ഇത് കണ്ടുതുടങ്ങുമ്പോൾത്തന്നെ പല്ലുകൾ വൃത്തിയാക്കാൻ വൈദ്യസഹായം തേടിയാൽ പല്ലുകളുടെ ആരോഗ്യവും ഭംഗിയും നിലനിർത്താൻ സാധിക്കും.
എപ്പോഴെല്ലാം പല്ലു തേയ്ക്കണം?
രാവിലെയും രാത്രിയും പല്ലു തേയ്ക്കുന്നതിനു പുറമേ ആഹാരം കഴിക്കുന്ന മറ്റ് അവസരങ്ങളിലും സാധിക്കുമെങ്കിൽ പല്ല് തേയ്ക്കുന്നത് നല്ലതാണ്.
ദിവസത്തിൽ പല പ്രാവശ്യം പല്ല് തേയ്ക്കുന്നവർ പല്ലിൽ അമിതബലം കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മോണ അമർത്തി തേയ്ക്കുന്നത്…
പല്ല് തേച്ച ശേഷം കൈവിരൽ കൊണ്ട് പല്ലും മോണയും അമർത്തി തേയ്ക്കുന്നത് പല്ലുകളുടെ നിര തെറ്റാതിരിക്കാനും മോണയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന ലളിതവും ചെലവില്ലാത്തതുമായ ഒരു ചികിത്സയാണ്.ഇത് കുട്ടികളിലും മുതിർന്നവരിലും ഫലപ്രദമായി കണ്ടിട്ടുണ്ട്.
വായ്ക്കകത്തെ അകാരണമായ എരിച്ചിൽ
ഇന്ത്യയിലെ പുരുഷന്മാരിൽ ഏറ്റവുമധികം കാണുന്ന കാൻസർ വായിലെ കാൻസർ ആണ്. ഇതിനു കാരണം പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും മദ്യപാനവുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
വായ്ക്കകത്തുള്ള അകാരണമായ എരിച്ചിൽ, വളരെക്കാലമായി ഉണങ്ങാത്ത മുറിവുകൾ, മാറാത്ത നിറവ്യത്യാസങ്ങൾ എന്നിവ വായിലെ കാൻസറിന്റെ ലക്ഷണങ്ങളാണ്.
മോണയിൽ നിന്ന്രക്തം വരുന്പോൾ…
പല്ല് തേയ്ക്കുമ്പോൾ മോണയിൽ നിന്ന് രക്തം വരുന്നതാണ് മോണരോഗത്തിന്റെ പ്രധാന ലക്ഷണം. കൃത്യമായ ബ്രഷിംഗ്, ഫ്ലോസിങ്, മൗത്ത് വാഷ് ഉപയോഗം എന്നിവ കൊണ്ട് മോണരോഗങ്ങളും വായനാറ്റവും ഒരു പരിധി വരെ പരിഹരിക്കാനാകും.
ആറു മാസത്തിലൊരിക്കൽ
അമേരിക്കൻ ഡെന്റൽ അസോസിയേഷൻ പഠനങ്ങൾ പ്രകാരം ദന്താരോഗ്യം സംരക്ഷിക്കാനായി ദിവസേന 2 ബ്രഷിംഗ് , ഒരു ഫ്ലോസിങ്, ഇടയ്ക്കിടയുള്ള ദന്തപരിശോധന എന്നിവ ആവശ്യമാണ്.
ആറു മാസത്തിലൊരിക്കലെങ്കിലും ദന്തപരിശോധന നടത്തുകയും രോഗങ്ങൾ മുളയിലെ നുള്ളിക്കളയാൻ തയാറാകുകയും ചെയ്യുന്നവർക്ക് ഒരിക്കലും ദന്ത ചികിത്സയ്ക്കായി ഭീമമായ ധനനഷ്ടവും സമയനഷ്ടവും ഉണ്ടാവുകയില്ല.
വായയെപ്പറ്റി അഭിമാനിക്കൂ (Be proud of your mouth) എന്നതായിരുന്നു ഈ വർഷത്തെ ലോക വദനാരോഗ്യദിനത്തിന്റെ മുദ്രാവാക്യം.
വിവരങ്ങൾ: ഡോ.ഡോൺ തോമസ്,
ഡെന്റൽ സർജൻ(DEIC),
ഗവൺമെന്റ് ജനറൽ(ബീച്ച് )ആശുപത്രി,
കോഴിക്കോട്.