പല്ലിന്റെ ഇടയിലെ വിടവിന്റെ ചികിത്സയിൽ പ്രധാനം പല്ലിൽ കന്പിയിടുന്ന ചികിത്സയാണ്. അതിനോടൊപ്പം മോണരോഗ ചികിത്സ, പല്ല് അടയ്ക്കുന്ന ചികിത്സ, വായിലെ മൈനർശസ്ത്രക്രിയ എന്നീ ചികിത്സകൾ നടത്തിയാണ് പല്ലുകൾ ക്കിടയിലെ വിടവ് അടയ്ക്കുന്നത്.
ചികിത്സയ്ക്ക് ഏറ്റവുംഉചിതസമയം എന്നു പറയുന്നത് സ്ഥിരദന്ത സമയമാണ്. ചികിത്സഎങ്ങനെയാണ് എന്ന് പ്രധാനമായും തീരുമാനിക്കുന്നത് ഈ വിടവിന്റെ കാരണം അനുസരിച്ചാണ്. കൂടുതലായും ഈ ചികിത്സകൾ ചെയ്യുന്നത് പല്ലിന്റെയും മുഖത്തിന്റെയും ഭംഗിക്കുവേണ്ടിയാണ്.
ചികിത്സയ്ക്കു മുന്പ്
വിടവിനുള്ള പ്രധാന കാരണം, രോഗിയുടെ പ്രായം, വിടവിന്റെ സ്ഥാനം, പല്ലിന്റെ എണ്ണം, ബാക്കിയുള്ള പല്ലിന്റെ ഘടന, മോണയുടെ സ്ഥിതി എന്നിവയാണ് ചികിത്സയ്ക്കു മുന്പ് അറിയേണ്ട കാര്യങ്ങൾ.
ചികിത്സയ്ക്കു മുന്പെ രോഗി ചിരിക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങൾ ചികിത്സയ്ക്ക്സഹായകരമായേക്കാം.
ചെറിയ വിടവുകൾക്ക്
വളരെ ചെറിയ വിടവുകളുള്ളവരിൽ പ്രത്യേകിച്ചു ചികിത്സകളൊന്നുംതന്നെ ആവശ്യമില്ല. ഈ വിടവ് കൂടുതലായും മുകളിലെ കോന്പല്ലിന് ഇടത്തുവശത്തായിരിക്കും.
അത് നമ്മൾ ചിരിക്കുന്പോഴോ സംസാരിക്കുന്പോഴോ കാണുന്നതായിരിക്കില്ല. അതു രോഗിയുടെ മുഖഘടനയെ ബാധിക്കുന്നില്ലെന്ന് രോഗിക്ക് ബോധ്യമുണ്ടെങ്കിൽ, ആ അവസരത്തിൽ പ്രത്യേക ചികിത്സ ഒന്നുംതന്നെ വേണ്ടതില്ല.
മുകളിലത്തെ മുൻനിരയിലുള്ള രണ്ടാമത്തെ പല്ലിന് ഇടത്തുവശത്തായി വിടവുള്ള സാഹചര്യത്തിൽ പല്ലിന്റെ നിറമുള്ള പല്ല് അടയ്ക്കുന്ന മെറ്റീരിയൽ ഉപയോഗിച്ചു പല്ലിന്റെ രൂപം നിലനിർത്താവുന്നതാണ്.
അതിനു ചികിത്സ വേണ്ട…
പാൽപ്പല്ലിനിടയിലുള്ള വിടവ് സർവസാധാരണമാണ്. ഈ വിടവ് പാൽപ്പല്ലിനിടയിൽ ഇല്ലെങ്കിൽ അത് സ്ഥിര ദന്തത്തിന്റെ നിരതെറ്റൽവരെ ഉണ്ടാക്കാം. 2 എംഎം വരെയുള്ള വിടവ് ദന്തനിരയിൽ സാധാരണം.
അതിനു പ്രത്യേക ചികിത്സയൊന്നും വേണ്ടതില്ല. 2 എംഎമ്മിൽ കൂടുതലുള്ള വിടവ് ചികിത്സിച്ച് ഭേദമാക്കേണ്ടതാണ്. വിടവിന്റെ കാരണം എന്താണെന്നു മനസിലാക്കി അതു ഭേദമാക്കേണ്ടതാണ്.
പല്ലിൽ കന്പിയിട്ടും വെപ്പുപല്ല് വച്ചുകൊടുത്തും വിടവ് ശരിയാക്കാവുന്നതാണ്. അതു പിന്നീടും നിലനിർത്താനായി ഒറ്റക്കന്പി ഉപയോഗിക്കേണ്ടതാണ്.
കന്പിയിടുന്ന ചികിത്സ എപ്പോൾ
പല്ല് വച്ചുകൊടുത്ത് പല്ലിനിടയിലെ വിടവ് ചികിത്സിക്കുന്ന രീതികൊണ്ട് ചിലപ്പോൾ മോണരോഗങ്ങൾ വന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ പല്ലിൽ കന്പിയിട്ട് ചികിത്സിക്കുന്നതാണ് ഉചിതം.
സ്ഥിരമായി വച്ചുകൊടുക്കുന്ന പല്ല് ഭാവിയിൽ മാറ്റേണ്ടതായി വരുന്നതുകൊണ്ടും മോണയ്ക്ക് വീക്കം ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ടും പല്ലിൽ കന്പിയിട്ട് ചികിത്സിക്കുന്ന രീതിയാണ് മിക്ക ഡോക്ടർമാരും നിർദേശിക്കുന്നത്.
പല്ലു വയ്ക്കുന്ന ചികിത്സ
ചില സന്ദർഭങ്ങളിൽ പല്ലിൽ കന്പിയിട്ടു മാത്രം നമുക്ക് വിടവ് ശരിയാക്കാൻ സാധിക്കുന്നതല്ല. അതായത് പല്ലെടുത്തതിനു ശേഷം പല്ല് വച്ചുകൊടുക്കാത്ത സാഹചര്യത്തിൽ പല്ലുകൾ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിപ്പോകാം.
ജന്മനാ പല്ലുകൾ ഇല്ലാത്ത സാഹചര്യത്തിലും പല്ലിൽ കന്പിയിട്ട് മാത്രം നമുക്ക് ശരിയാക്കാനാവില്ല. അത്തരം സന്ദർഭങ്ങളിൽ പല്ല് വച്ചുകൊടുക്കുന്ന വിഭാഗത്തിന്റെ സഹായംകൂടി തേടേണ്ടതാണ്.
ഊരിവയ്ക്കുന്ന പല്ല്, സ്ഥിരമായി വയ്ക്കുന്ന പല്ല്, ഇംപ്ലാന്റ് (എല്ലിനുള്ളിലേക്ക് സ്ക്രൂ ചെയ്ത് വയ്ക്കുന്ന പല്ല്) എന്നീ
ചികിത്സാരീതികളുണ്ട്.
(തുടരും)
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903