കിളിർത്തുവരുന്ന മുൻനിരപ്പല്ലുകൾ, പാൽപ്പല്ലിലെ കോന്പല്ലുകളുടെ വേരിന്റെ തേയ്മാനത്തിനു കാരണമാകാറുണ്ട് (ഭാഗികമായോ മൊത്തമായോ). ഇതു പല്ലുകൾ താത്കാലികമായി തിങ്ങിവരാൻ ഇടയാക്കാറുണ്ട്.
ഇതുകാരണം പാൽപ്പല്ലിലെ കോന്പല്ലുകൾ നേരത്തെ കൊഴിഞ്ഞുപോവുകയും ഏതെങ്കിലും ഒരു ഭാഗത്തേക്കു പല്ലുകൾ നീങ്ങുകയുംചെയ്യുന്നു.
രണ്ടു കോന്പല്ലുകളും നഷ്ടമാകുന്ന കേസുകളിൽ മുൻനിരപ്പല്ലുകൾ പുറകിലേക്കു തള്ളിനിൽക്കുകയും ആർച്ചിന്റെ വിസ്തൃതി കുറയുകയും പല്ലുകൾ തിങ്ങിനിൽക്കുകയും ചെയ്യുന്നു.
പത്തു ശതമാനം ആളുകളിൽ മുൻനിരപ്പല്ലുകളിൽ നിരതെറ്റി പുറകിലേക്കു കിളിർക്കാറുണ്ട്. അസാധാരണ മാതൃകയിൽ കാണപ്പെടുന്ന വേരിന്റെ തേയ്മാനമാണ് ഇതിനു പലപ്പോഴും കാരണം.
താഴത്തെ മുൻനിരപ്പല്ലിന്റെ ടൂത്ത് ബഡുകൾ നിരയിൽനിന്നു പുറകിലായി രൂപപ്പെടുകയും അവയ്ക്കു മുന്പിലോട്ടു കിളിർത്തുവരാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നതിന് ഇതു കാരണമാകാം.
ചികിത്സ
1. ശരിയായ സ്ഥാനത്തേക്ക് പല്ലുകൾ കിളിർപ്പിക്കുക.
2. ഈ പല്ലുകൾ നിരചേർന്നു വന്നില്ലെങ്കിൽ പല്ലിൽ കന്പിയിടുന്ന ചികിത്സാരീതിയും ഉൾപ്പെടുത്തേണ്ടതാണ്.
അണപ്പല്ലുകൾ സ്ഥാനം മാറുന്പോൾ
ചെറിയ രീതിയിൽ വേരിന്റെ തേയ്മാനം (<1 mm – 1.5mm) കാണപ്പെടുന്ന മൂന്നിൽ രണ്ടു കേസുകളിൽ, പല്ല് യഥാസ്ഥാനത്തേക്കു സ്വന്തമായി വരാനുള്ള സാധ്യതയുള്ളതിനാൽ, താത്കാലികമായി ചികിത്സയൊന്നും ചെയ്യാതെ കാത്തിരിക്കുന്നതാണ് ഉത്തമം. (3 മുതൽ ആറു മാസം വരെ). ചികിത്സ അത്യാവശ്യമായി വരുന്ന കേസുകളിൽ, സ്ഥാനം തെറ്റിവരുന്ന പല്ലുകളെ തൊട്ടടുത്ത പല്ലുകളിൽനിന്നും നീക്കുകയാണു ചെയ്യേണ്ടത്.
ചെറിയ തോതിൽ അണപ്പല്ലുകൾ നീക്കേണ്ടിവരുകയും എന്നാൽ വായിൽ അവ ദൃശ്യമല്ലാതിരിക്കുകയും ചെയ്യുന്ന കേസുകളിൽ 20-22 മിൽ ബ്രാസ് കന്പി രണ്ടു പല്ലുകളുടെയും ഇടയിലേക്ക് സ്ഥാപിക്കുകയും രണ്ടാഴ്ച കൂടുന്പോൾ കന്പി മുറുക്കുകയും ചെയ്യുന്നു.
പാൽപ്പല്ലുകളിലെ അണപ്പല്ലുകളിൽ ചെറിയ തോതിൽ തേയ്മാനം കണ്ടുവരുന്ന കേസുകളിൽ, സ്റ്റീൽ സ്പ്രിംഗ് ക്ലിപ്പ് സെപ്പറേറ്റേഴ്സ്, ഇലാസ്റ്റോമറിക് ലിഗേച്ചർ സെപ്പറെറ്റേഴ്സ് എന്നിവ ഉപയോഗിക്കാം.
വേരിന്റെ തേയ്മാനം അധികം കാണപ്പെടുകയും ഒരു വശത്തേക്കു പല്ലിനെ നീക്കേണ്ടിവരുകയും ചെയ്യുന്ന കേസുകളിൽ, സ്ഥിരമായ അപ്ലെയൻസുകൾ (സ്പ്രിംഗ് ഡിസ്റ്റിലൈസർ, ഹാൾട്ടർമാൻ അപ്ലെയൻസ്) ഉപയോഗിക്കാം.
ചില കേസുകളിൽ അണപ്പല്ലുകൾ മൂലം പാൽപ്പല്ലിന്റെ വേരുകളിൽ തേയ്മാനം അധികമാകുന്പോൾ അവ എടുത്തുകളയുക എന്നുള്ളതാണു പ്രതിവിധി.
ഇതുപോലുള്ള കേസുകളിൽ ആർച്ചിന്റെ നീളം നഷ്ടമായാൽ അത് വീണ്ടെടുക്കാനുള്ള ചികിത്സ തേടാം.
മുൻനിരപ്പല്ലുകൾ സ്ഥാനം മാറുന്പോൾ(ചികിത്സയുടെ ലക്ഷ്യങ്ങൾ)
1. പല്ലുകൾ ഒരു ഭാഗത്തേക്ക് നീങ്ങുന്നതു തടയുക.
2. പല്ലുകൾ തിങ്ങിവരാനുള്ള സാധ്യത കുറയ്ക്കുക.
മുൻനിരപ്പല്ലുകൾ യഥാസ്ഥാനത്ത് നിലനിർത്തുന്നതിനും അതിന് ആവശ്യമായ സ്ഥലമുണ്ടെങ്കിലും ലിംഗ്വൽ ആർച്ചിന്റെകൂടെ സോൾഡേർഡ് സ്പറും ഉപയോഗിക്കാം.
എന്നാൽ, പല്ലുകൾ ഒരു ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ടെങ്കിൽ മറുവശത്തെ കോന്പല്ലുകൾ എടുത്തുകളയണം. ഇതു സ്ഥലനഷ്ടമുണ്ടാക്കാം
. മുൻനിരപ്പല്ലുകളുടെ സ്ഥാനനീക്കം കാരണം സ്ഥലനഷ്ടം അധികമുണ്ടായാൽ കോന്പല്ലുകൾ നീക്കം ചെയ്യുകയും ലിംഗ്വൽ ആർച്ച് വയ്ക്കുകയും ചെയ്യണം.
എന്നാൽ, മുൻനിരപ്പല്ലുകൾ പുറംതള്ളി നിൽക്കുകയാണെങ്കിൽ ലിംഗ്വൽ ആർച്ചിന്റെ ആവശ്യകതയില്ല.
കോന്പല്ലുകൾ സ്ഥാനം മാറുന്പോൾ
സ്ഥാനംതെറ്റിവരുന്ന കോന്പല്ലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ സങ്കീർണത കൂടുതലായതിനാൽ അവയെ നേരത്തെതന്നെ തിരിച്ചറിയുകയും വേരിന്റെ തേയ്മാനം പ്രതിരോധിക്കുകയും വേണം.
മോണയിൽ കോന്പല്ലുകൾ വരുന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ലെങ്കിൽ പാൽപ്പല്ലുകൾ എടുക്കേണ്ടതായി വരും. സ്ഥാനംതെറ്റിയ കോന്പല്ലുകളെ വൈകിയാണു തിരിച്ചറിയുന്നതെങ്കിൽപ്പോലും (11-16 വയസ്) അവ എടുത്തുകളയുന്നതുവഴി നമുക്ക് അതിന്റെ സങ്കീർണതകൾ കുറയ്ക്കാം.
പിന്നീട് ഈ കോന്പല്ലുകൾ നിരയിലാക്കുന്നതിനു പല്ലിൽ കന്പിയിടുന്ന ചികിത്സാരീതി പരിഗണിക്കാവുന്നതാണ്.
വിവരങ്ങൾ: ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903