പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്.
സ്വയംചികിത്സയുടെ അപകടങ്ങൾ
വേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും.
പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ സഹായം ഉടൻ ലഭ്യമാക്കണം. വേദനയുടെ കാരണം പരിശോധനയിൽ കൂടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകി പരിഹരിക്കാനാവും.
മറ്റു രോഗങ്ങളുടെയും സൂചനയാവാം
ദന്ത,മോണ രോഗങ്ങൾ, വേദനകൾ മറ്റുപല രോഗങ്ങളുടെയും സൂചനയാകാം.
1. കീഴ്ത്താടിയുടെ എല്ലിന് ഉണ്ടാകുന്ന വേദന ഹൃദ്രോഗത്തിന്റെ ഒരു സൂചനയായി കാണുന്നു.
2. ഒാറൽ കാൻസർ, ട്യൂമർ, സിസ്റ്റ് എന്നീ അവസ്ഥകൾ ഉള്ളപ്പോൾ മരവിപ്പോ, വേദനയോ ആയി മുകൾമോണയിലോ, കീഴ്ത്താടിയിലോ അനുഭവപ്പെടാം.
3. രക്താർബുദം (ലുക്കീമിയ)- മോണയിൽ നിന്നുള്ള അമിതമായി രക്തവരവ് ഒരു സൂചനയായി കണക്കാക്കുന്നു.
4. സൈനസൈറ്റീസ് ഉള്ളപ്പോൾ മുകൾമോണയിലെഅണപ്പല്ലുകൾക്ക് വേദന അനുഭവപ്പെടും.
5.പല്ലുകൾ എല്ലിൽ നിന്നു പുറത്തുവരാതിരിക്കുന്ന ഇംപാക്ടഡ് ടൂത്ത് എന്ന അവസ്ഥയിൽ വേദന പലയിടങ്ങളിലായി അനുഭവപ്പെടും.
6. ചെവിയിലും കണ്ണിലും മോണയുടെ പലഭാഗങ്ങളിലും അനുഭവപ്പെടുന്ന ഇത്തരത്തിൽ ഉള്ള വേദന കണ്ടുപിടിക്കാൻ എക്സ് റേ പരിശോധന വഴി സാധിക്കുന്നു.
ട്രെജെമിനൽ ന്യൂറാൾജിയ എന്ന പ്രശ്നത്തിനും മുഖത്തിന്റെ ഏതുഭാഗത്തും വേദന ഉണ്ടാകാം. പല്ലുസംബന്ധമായ വേദനയായി തോന്നുന്ന ഇത്തരത്തിലുള്ള വേദന ഞരന്പുകളുടെ പ്രശ്നമാണ്.
സൂയിസൈഡ് ഡിസീസ് എന്നാണ് ഈ രോഗാവസ്ഥയ്ക്കു പറയുന്നത്. വേദന സഹിക്കാൻ കഴിയാതെ പരിഹാരം ഇല്ല എന്നു തോന്നുന്ന സമയത്ത് ആത്മഹത്യാചിന്തയിലേക്കു വരെ വഴി തെളിക്കുന്നു. ചികിത്സകൾ നടത്തി ഇതിന്റെ വേദന പരിഹരിക്കാവുന്നതാണ്.
7. ഉമിനീരിന്റെ കുറവു കാരണം ഉണ്ടാകുന്ന സിറോസ്റ്റോമിയ എന്ന രോഗാവസ്ഥ ദന്തമോണജന്യ രോഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഈ സമയത്ത് വായ്ക്കുള്ളിൽ പുകച്ചിൽ അനുഭവപ്പെടും. വായ്ക്കുള്ളിലെ ഉമിനീരിനുള്ള പ്രാധാന്യം ഇത് കുറയുന്പോൾ മാത്രമേ നമുക്കു മനസിലാകു. പലകാരണങ്ങൾ ഇതിന് ഉണ്ടെങ്കിലും ചില പ്രധാനപ്പെട്ട കാരണങ്ങൾ –
* ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനശേഷിക്കുറവ്. *ഉമിനീർഗ്രന്ഥിയിലെ ട്യൂബിനുള്ളിലെ തടസം *.ഉമിനീർ ഗ്രന്ഥിയിലെ ട്യൂമർ കാൻസർ * റേഡിയേഷൻ മൂലം*വെള്ളം കുടിക്കുന്നതിന്റെ കുറവു മൂലം * പ്രമേഹം ഉള്ളപ്പോൾ.
8.ചില മരുന്നുകളുടെ ഉപയോഗത്തിൽ ഉമിനീരിന്റെ കുറവ് പോടുകൾ കൂടുതലായി ഉണ്ടാകാനും മോണരോഗങ്ങൾക്കുമുള്ളസാധ്യത കൂട്ടുന്നു. ദഹനത്തിനും ഉമിനീരിന്റെ സാന്നിധ്യം വളരെ പ്രാധാന്യം ഉള്ളതാണ്.
ഈ കാരണങ്ങളാൽ ഉണ്ടാകുന്ന പല്ലുവേദനയെ സ്വന്തമായി മരുന്നുകളും മറ്റു പ്രയോഗങ്ങളും വഴി ഇല്ലാതെയാക്കിയാൽ മറ്റ് അസുഖങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള സൂചനയാണ് ഇല്ലാതാകുന്നത്.
പല്ലുവേദന ഉണ്ടായാൽ വേദന സംഹാരികൾ കഴിച്ച് തത്്കാല വേദന ഒഴിവാക്കി ഏറ്റവും അടുത്ത സമയം ഒരു ഡോക്ടറെ കാണണം. 100% ദന്തജന്യമായ വേദന ആണ് ഇത് എങ്കിൽ പല്ലിന്റെ ചികിത്സ ചെയ്താൽ ഇത് പൂർണമായും മാറുന്നതാണ്.
ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിവരങ്ങൾ ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903