പല്ലുകൾക്കിടയിലുള്ള വിടവ് മുൻവശത്തെ പല്ലിനിടയിലും പിൻവശത്തെ പല്ലിനിടയിലും ഉണ്ടാകാം. ഈ വിടവിനുള്ള കാരണം പാരന്പര്യമോ കുട്ടികളുടെയിടയിലെ വിനാശകരമായ ശീലങ്ങളോ ആവാം.
പല്ലിന്റെ വലുപ്പത്തിലും മോണയുടെ അളവിലുമുള്ള വ്യത്യാസം, വലിയ പല്ലുകൾ, നാക്കിന്റെതെറ്റായ സ്ഥാനം, ജന്മനാ ഇല്ലാത്ത പല്ല് എന്നിവയാണ് അതിന്റെ പ്രധാന കാരണങ്ങൾ.
രണ്ടു പല്ലുകൾക്കിടയിൽമാത്രമുള്ള വിടവ്
നഷ്ടപ്പെട്ട പല്ല്, ദന്തക്രമത്തിൽ ഇല്ലാത്ത കൂടുതലായുള്ള വേറൊരു പല്ല്, പറിയാതെ നിൽക്കുന്ന പാൽപ്പല്ല്, കൈ കുടിക്കുന്ന ശീലം, മോണരോഗം, മേൽചുണ്ടിനെ മോണയുമായി യോജിപ്പിക്കുന്ന കോശത്തിന്റെ കട്ടിക്കൂടുതൽ എന്നിവയാണ് രണ്ടു പല്ലുകൾക്കിടയിൽ മാത്രമുള്ള വിടവിനു കാരണങ്ങൾ.
ആ വിടവ് സാധാരണം
പാൽപല്ലുകൾക്കിടയിലുള്ള വിടവ് സാധാരണമാണ്. ഓരോ പല്ല് തമ്മിലുള്ള വിടവും സാധാരണ സ്ഥിരദന്തക്രമത്തിന് അനിവാര്യമാണ്. ഈ വിടവിന് ഫിസിയോളജിക് സ്പെയ്സ് അല്ലെങ്കിൽ ഡവലപ്മെന്റൽ സ്പെയ്സ് എന്നു പറയും.
ഈ വിടവുകൾ പാൽപല്ലിൽ ഇല്ലാത്ത സന്ദർഭങ്ങളിലാണ് സ്ഥിരദന്തക്രമത്തിൽ നിരതെറ്റൽ ഉണ്ടാകുന്നത്. അത് വലുപ്പമുള്ള സ്ഥിരപല്ലുകളുടെ പുറത്തേക്കുള്ള വളർച്ചയെയും ബാധിച്ചേക്കാം.
നീളമുള്ള മോണയും ചെറിയ പല്ലും
പല്ലുകൾക്കിടയിലുള്ള വിടവ് കൂടുതലായും മുകൾ ദന്തക്രമത്തിലാണ് കാണുന്നത്. അതു കൂടുതലായും ആൺകുട്ടികളിലാണ് കാണുന്നത്.
മോണയുടെ വലുപ്പം ഈ വിടവിന് ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. നീളമുള്ള മോണയും ചെറിയ പല്ലുമുള്ള സാഹചര്യത്തിലാണ് ഈ വിടവ് കൂടുതലായും കാണുന്നത്.
മുകൾനിരയിലെ പാൽപ്പല്ലായ കോന്പല്ലിനു വലത്തുഭാഗത്തായി (1.7 എംഎം) താഴ്നിരയിലെ പാൽപല്ലായ കോന്പല്ലിന് ഇടത്തുഭാഗത്തായി (1.5 എംഎം) ഉള്ള വിടവിനെയാണ് പ്രൈമേറ്റ് സ്പെയ്സ് എന്നു പറയുന്നത്. ഈ വിടവ് മുകളിലെയും താഴത്തെയും കോന്പല്ലിന്റെ കടിക്ക് ആവശ്യമാണ്.
സ്ഥിര ദന്തക്രമത്തിലുള്ള വിടവ്
സ്ഥിര ദന്തക്രമത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലുകൾക്കിടയിലുള്ള വിടവ്. അതിനെ ഡയസ്റ്റീമ എന്നും പറയും. ഇത് മുകളിലെ മുൻനിരയിലുള്ള ആദ്യത്തെ രണ്ടു പല്ലുകൾക്കിടയിലാണ് കാണപ്പെടുന്നത്.
ഇതിന്റെ പ്രധാന കാരണങ്ങൾ എന്നു പറയുന്നത് മുകൾചുണ്ടിനെ മോണയിലേക്കു ബന്ധിപ്പിക്കുന്ന കോശത്തിന്റെ കട്ടിക്കൂടുതൽ, കുട്ടികളിലെ വിനാശകരമായ ദന്തശീലങ്ങൾ, മോണരോഗങ്ങൾ എന്നിവയാണ്.
തെറ്റായ ദന്തശീലങ്ങൾ…
സ്ഥിര ദന്തക്രമത്തിൽ വിടവുണ്ടാകാനുള്ള പാരന്പര്യ കാരണങ്ങളിൽ വരുന്നതാണ് മോണയുടെ നീളവും പല്ലിന്റെ വലിപ്പവും, ജന്മനാ ഇല്ലാത്ത പല്ലുകൾ, നാക്കിന്റെ അമിതവലിപ്പം, ദന്തക്രമത്തിൽ ഇല്ലാത്ത അധികമായുള്ള പല്ലുകൾ, ചെറിയ പല്ലുകൾ, മുകൾചുണ്ട് മോണയിലേക്കു യോജിക്കുന്ന കോശത്തിന്റെ കട്ടിക്കൂടുതൽ എന്നിവ.
മറ്റു കാരണങ്ങളെന്നു പറയുന്നത് കുട്ടികളിലെ തെറ്റായ ദന്തശീലം, നാക്കിന്റെ അമിത വലുപ്പം, നഷ്ടപ്പെട്ട പല്ലുകൾ, സ്ഥിര ദന്തക്രമത്തിലെ പല്ലിന്റെ താമസിച്ചുള്ള വളർച്ച, മോണരോഗം എന്നിവയാണ്.
(തുടരും)
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903