പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളവർ അതു മറക്കില്ല. വേദന ഉണ്ടായാൽ ചികിത്സ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങളാണെങ്കിൽ അനുഭവിക്കുക തന്നെ; അല്ലാതെ വേറെ വഴിയില്ല.
മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. ഉപ്പും, യൂക്കാലി എണ്ണയും കർപ്പൂരവും ഗ്രാംപൂ എണ്ണയും മറ്റും പോടിൽ വയ്ക്കുന്നത് താത്കാലിക ശമനത്തിനു സഹായിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്.
വേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും.
കാരണം കണ്ടെത്തി ചികിത്സ
പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ സഹായം ഉടൻ ലഭ്യമാക്കണം. വേദനയുടെ കാരണം പരിശോധനയിൽ കൂടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകി പരിഹരിക്കാൻ കഴിയും.
ദന്തമോണ രോഗങ്ങൾ, വേദനകൾ മറ്റു പല രോഗങ്ങളുടെയും സൂചനയാകാം.
ഹൃദ്രോഗസൂചന
കീഴ്ത്താടിയുടെ എല്ലിന് ഉണ്ടാകുന്ന വേദന ഹൃദ്രോഗത്തിന്റെ ഒരു സൂചനയായി കാണുന്നു.
രോഗാവസ്ഥകൾ
ഓറൽ കാൻസർ, ട്യൂമർ, സിസ്റ്റ് എന്നീ അവസ്ഥകൾ ഉള്ളപ്പോൾ മരവിപ്പോ, വേദനയോ ആയി മുകൾമോണയിലോ, കീഴ്ത്താടിയിലോ അനുഭവപ്പെടാം.
രക്താർബുദം (ലുക്കീമിയ)- മോണയിൽ നിന്നുള്ള അമിതമായി രക്തവരവ് ഒരു സൂചനയായി കണക്കാക്കുന്നു.
സൈനസൈറ്റീസ്
സൈനസൈറ്റീസ് ഉള്ളപ്പോൾ മുകൾമോണയിലെ അണപ്പല്ലുകൾക്ക് വേദന അനുഭവപ്പെടും.
ഇംപാക്ടഡ് ടൂത്ത്
പല്ലുകൾ എല്ലിൽ നിന്നു പുറത്തുവരാതിരിക്കുന്ന ഇംപാക്ടഡ് ടൂത്ത് എന്ന അവസ്ഥയിൽ വേദന പലയിടങ്ങളിലായി അനുഭവപ്പെടും.
എക്സ് റേ പരിശോധന
ചെവിയിലും കണ്ണിലും മോണയുടെ പലഭാഗങ്ങളിലും അനുഭവപ്പെടുന്ന ഇത്തരത്തിൽ ഉള്ള വേദന കണ്ടുപിടിക്കാൻ എക്സ് റേ പരിശോധന വഴി സാധിക്കുന്നു.
(തുടരും)
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ
സയൻസസ്, തിരുവല്ല) 9447219903