മനുഷ്യസൗന്ദര്യത്തിൽ പല്ലുകൾക്ക് എല്ലാ കാലത്തും നിർണായക സ്ഥാനമുണ്ട്. പല്ലുകൾ ഭംഗിയാക്കാനും നിലനിർത്താനുമൊക്കെ എത്ര പണം വേണമെങ്കിലും മുടക്കാൻ പലർക്കും മടിയില്ല. പരിഷ്കൃത സമൂഹത്തിൽ മാത്രമല്ല ഗോത്ര സമൂഹങ്ങളിലും പല്ലുകളുമായി ബന്ധപ്പെട്ട ആചാരങ്ങളും വിശ്വാസങ്ങളും സജീവമാണ്.
ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ നടന്നുവരുന്ന പ്രശസ്തമായ ആചാരമാണ് പല്ല് ഫയലിംഗ് എന്നത്. ഈ ചടങ്ങ് ഇവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. മുൻവശത്തെ ആറു പല്ലുകളുടെ അഗ്രഭാഗം മുളപോലുള്ള വസ്തു ഉപയോഗിച്ചു ചെത്തിമിനുക്കുന്നതാണ് പല്ല് ഫയലിംഗ്.
കൗമാരക്കാർക്ക്
കൗമാരക്കാരായ കുട്ടികളുള്ള ഓരോ രക്ഷാകർത്താവും ഈ ആചാരം നടത്താൻ ബാധ്യസ്ഥരാണ്. ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അവൾക്ക് ആദ്യത്തെ ആർത്തവമാകുമ്പോഴാണ് ഈ ചടങ്ങ് നടത്തുന്നത്. ആൺകുട്ടിയെ സംബന്ധിച്ചിടത്തോളം ശബ്ദം മാറാൻ തുടങ്ങുന്പോഴും.
മാതാപിതാക്കൾ ഈ സമയത്ത് ഈ ചടങ്ങ് ചെയ്തില്ലെങ്കിൽ, വിവാഹത്തിനു മുമ്പോ വ്യക്തിയുടെ സംസ്കാരത്തിനു മുമ്പോ ഈ ചടങ്ങ് നടത്തിയിരിക്കണമെന്നാണ് വിശ്വാസം.
പുറത്തുനിന്നുള്ള സ്ത്രീകൾക്കു ബാലിനീസ് പുരുഷനെ വിവാഹം കഴിക്കണമെന്നുണ്ടെങ്കിൽ കുടുംബത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് അവൾക്കു പല്ല് ഫയലിംഗ് നടത്തേണ്ടതുണ്ട്. പാവപ്പെട്ട കുടുംബങ്ങൾക്ക്, ഈ ചടങ്ങ് സ്പോൺസർ ചെയ്യുന്നതു സർക്കാരാണ്.
സ്വർഗത്തിൽ പോകാൻ
മനുഷ്യരുടെ പല്ലുകൾ മൃഗങ്ങളുടെ സവിശേഷതകളായിട്ടാണ് ഇവർ കണക്കാക്കുന്നത്. പല്ല് ഫയലിംഗ് നടത്തുന്നതോടെ ഈ മൃഗസവിശേഷതകളുമായി ജീവിക്കുന്നവർ മനുഷ്യരുടെ സവിശേഷതയിലേക്കു മാറുമത്രേ. ഇങ്ങനെ പല്ലുകൾ ഫയൽ ചെയ്തില്ലെങ്കിൽ സ്വർഗത്തിലേക്കു പ്രവേശനം നിഷേധിക്കപ്പെടുമെന്നാണ് ഇവരുടെ വിശ്വാസം.
ഓരോ വ്യക്തിയിലും കാണപ്പെടുന്നതും ജീവിതത്തിൽ അസന്തുഷ്ടിക്ക് ഇടയാക്കുന്നതുമായ ദുഷിച്ച മനുഷ്യ സ്വഭാവ സവിശേഷതകളെ നിയന്ത്രിക്കുന്നതിനാണ് പല്ല് ഫയലിംഗ് ചെയ്യുന്നത്.
അത്യാഗ്രഹം, മോഹം, കോപം, ആശയക്കുഴപ്പം, വിഡ്ഢിത്തം, അസൂയ, മോശം ആഗ്രഹം, ലഹരി , മദ്യപാനം എന്നിവയൊക്കെ പല്ല് ഫയലിംഗ് നടത്തുന്നതോടെ മാറിക്കിട്ടുമത്രേ.
പല്ല് ഫയലിംഗ് നടത്താതെ ഒരാൾ മരിച്ചുപോയാൽ അയാളെ സംസ്കരിക്കുന്നതിനുമുന്പ് അയാളുടെ കുടുംബം ഈ ആചാരം നടത്തണം.എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ.
ചെലവുള്ള കാര്യം
പുരോഹിതൻമാർ വീടുകളിലെത്തിയാണ് ഈ ചടങ്ങ് നടത്തുന്നത്. ഇതു ചെലവേറിയ പരിപാടിയുമാണ്. വീട് അലങ്കരിക്കണം. വേണ്ടപ്പെട്ടവരെ പങ്കെടുപ്പിക്കണം. പല്ല് ഫയലിംഗ് നടത്തേണ്ടയാൾ പുതിയ വസ്ത്രം ധരിക്കണം… അങ്ങനെ കുറെ നിബന്ധനകളുണ്ട്.
ചടങ്ങിന്റെ തുടക്കത്തിൽ, കുട്ടി മാതാപിതാക്കളോട് അനുഗ്രഹം ചോദിക്കും. മുള കൊണ്ട് നിർമിച്ചതും അലങ്കരിച്ചതുമായ പ്രത്യേക പ്ലാറ്റ്ഫോമിൽ കുട്ടിയെ കിടത്തുന്നു. വർണാഭമായ തുണിത്തരങ്ങൾകൊണ്ടു ശരീരം മൂടുകയും ചെയ്യുന്നു.
ചടങ്ങ് കൂടുതൽ സുഖകരമാക്കാൻ വലിയ തലയിണകൾ തലയ്ക്കു പിന്നിൽ വയ്ക്കും. ചടങ്ങിൽ പങ്കെടുക്കുന്നവർ വിശുദ്ധിയുടെ പ്രതീകമായി മഞ്ഞയും വെള്ളയും നിറമുള്ള പ്രത്യേക വസ്ത്രങ്ങൾ ധരിക്കും. ചടങ്ങിനിടെ, പലപ്പോഴും അമ്മ കുട്ടിയുടെ കാലുകൾ പിടിക്കുന്നു.
ആചാരത്തിന്റെ അവസാനം, ആറ് സുഗന്ധങ്ങളെ പ്രതിനിധീകരിക്കുന്ന വസ്തു കടിക്കാൻ നൽകും. മധുരം, കയ്പ്, പുളി, ഉപ്പ്, മസാല, രേതസ് എന്നിങ്ങനെയുള്ള ആറു ചേരുവകൾ അടങ്ങിയത്. ജീവിതത്തിൽ അനുഭവപ്പെടുന്ന എല്ലാ സുഗന്ധങ്ങളും അനുഭവിക്കാൻ കുട്ടി തയാറായതിന്റെ പ്രതീകമാണിത്.
കല്യാണം അല്ലെങ്കിൽ ശവസംസ്കാരം പോലുള്ള വലിയ കുടുംബ ചടങ്ങുകൾക്കൊപ്പമാണ് പലപ്പോഴും ഈ ആചാരം നടത്തുന്നത്. ഇതിനു വരുന്ന സാന്പത്തിക ചെലവുകൾ കുടുംബക്കാർ പങ്കുവച്ച് എടുക്കാറുമുണ്ട്. ഈ ചടങ്ങ് നടത്തുന്പോൾ ഒപ്പം പ്രാർത്ഥനകളും പ്രത്യേക വഴിപാടുകളും ഉണ്ട്.
പ്രായപൂർത്തിയായ പെൺമക്കളുള്ള പിതാവ് പല്ല് ഫയലിംഗ് നടത്തുന്നതോടെ തന്റെ ഉത്തരവാദിത്വം നിറവേറ്റിയവനായി കണക്കാക്കപ്പെടുന്നു. അത്ര സുഖകരമായ അനുഭവമല്ല ഇതിനു വിധേയരാകുന്നവർക്ക് ഉണ്ടാകുന്നത്. പല്ല് രാകുകയും മുറിക്കുകയുമൊക്കെ ചെയ്യുന്പോൾ ഉണ്ടാകുന്ന അസ്വസ്ഥത എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ.