മട്ടന്നൂർ: ചാവശേരിയിൽ മൂന്ന് ക്ഷേത്രങ്ങളിൽ വീണ്ടും കവർച്ച. ക്ഷേത്രം കുത്തിത്തുറന്നു കവർച്ച നടത്തുകയായിരുന്ന രണ്ടു പേരെ മട്ടന്നൂർ പോലീസും നാട്ടുകാരും ചേർന്നു പിടികൂടി.
ഉളിയിൽ, കൂത്തുപറമ്പ് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. ഉളിയിലെ ദേവൻ (58), കൂത്തുപറമ്പിലെ 17 കാരൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇവരിൽ നിന്നും ആയുധങ്ങളും സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ഇന്നു പുലർച്ചെ രണ്ടോടെ ചാവശേരി ശിവ വിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ക്ഷേത്രത്തിലെ മൂന്നു ഭണ്ഡാരം കുത്തിപ്പൊളിച്ചു പണം കവർന്ന ശേഷം ശ്രീകോവിലിന്റെ വാതിൽ തുറന്നു അകത്ത് കയറി സ്വർണത്തിന്റെ നാഗരൂപവും ചന്ദ്ര കൊലയും കവർന്നു.
ചെമ്പിന്റെ ആൾ രൂപം ക്ഷേത്ര കുളത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനിടെയാണ് പോലീസും നാട്ടുകാരും ചേർന്നു മോഷ്ടാക്കളെ പിടികൂടിയത്.
മണ്ണോറയിലെ മഹാദളം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും പോർക്കലി ഭഗവതി ക്ഷേത്രത്തിലും മോഷണം നടന്നു. മഹാദളം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ താലിയും ശ്രീകോവിലിനുള്ളിലെയും മുന്നിലെയും ഭണ്ഡാരം പൊളിച്ചു പണം കവർന്നു.
പോർക്കലി ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ചാണ് കവർച്ച നടത്തിയത്. ഈ രണ്ടു ക്ഷേത്രങ്ങളിലെയും കവർച്ച നടത്തി വിഷ്ണു ക്ഷേത്രത്തിലെത്തി മോഷണം നടത്തുന്നതിനിടെയാണ് പിടിയിലായത്.
തമിഴ്നാട് രജിസ്ട്രേഷൻ നമ്പറിലുള്ള സ്കൂട്ടറിലെത്തിയ മോഷ്ടാക്കളെ നാട്ടുകാരും പോലീസും പിന്തുടർന്നാണ് പിടികൂടിയത്. ഭണ്ഡാരം പൊളിക്കാൻ ഉപയോഗിച്ച കമ്പി ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഈ മാസം ഇരുപത് ദിവസത്തിനുള്ളിൽ മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ മൂന്ന് ക്ഷേത്രങ്ങളിലും 5 കടകളിലും കവർച്ച നടന്നിരുന്നു.
ഇതിനു പുറമെ ഒരു മാസം മുമ്പ് ചാവശേരിയിൽ ലോറി ഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുക്കുകയും വളോരയിലെ കടയിൽ നിന്നും ഒരു ലക്ഷം രൂപ വരുന്ന കുരുമുളകും കവർന്നിരുന്നു.
ക്ഷേത്ര മോഷണം വ്യാപകമായ സാഹചര്യത്തിൽ മട്ടന്നൂർ സിഐ കെ.കെ.ബിജു, പ്രിൻസിപ്പൽ എസ്ഐ കെ.ഷാഹിദ്, എസ്ഐമാരായ ഷിബു പോൾ, മാത്യു ജോസഫ്, സിവിൽ പോലീസ് ഓഫീസർ ജയദേവ്, സജിത്ത് എന്നിവരടങ്ങുന്ന സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തുകയായിരുന്നു.
ക്ഷേത്ര കവർച്ചകൾ എല്ലാം സമാനമായ രീതിയിലായതിനാൽ ഒരു സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസിന് അന്വേഷണത്തിൽ മനസിലാകുകയായിരുന്നു. പ്രായമായ ഒരാളും ഒരു കുട്ടിയും പോകുന്നതായുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു.
ഇവരെ കുറിച്ചു അന്വേഷിക്കുന്നതിടെ ചാവശേരി വിഷ്ണു ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ഇവർ എത്തിയതായി വിവര മുണ്ടായിരുന്നു. മൂന്ന് ദിവസത്തോളമായി പോലീസ് ചാവശേരിയിലെ ക്ഷേത്രങ്ങൾ നിരീക്ഷിച്ചു വരുന്നതിനിടെയാണ് സംഘം പിടിയിലായത്.