പാറ്റ്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ് വിവാഹമോചനത്തിനായി അപേക്ഷ സമര്‍പ്പിച്ചതായി സൂചന. ഭാര്യ ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് വെള്ളിയാഴ്ചയാണ് തേജ് പ്രതാപ് യാദവ് പട്ന കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ലാലുവിന്റെ കുടുംബം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹര്‍ജി നവംബര്‍ 29ന് വാദം കേള്‍ക്കാനായി കോടതി മാറ്റി.
2018 മേയ് 12നാണ് ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം നടന്നത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ ചെറുമകളും മുന്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ ചന്ദ്രിക റായ് എംഎല്‍എയുടെ മകളുമാണ് ഐശ്വര്യ റായ്. ഹര്‍ജി നല്‍കിയതിന് ശേഷം തേജ് റാഞ്ചിയിലെത്തി പിതാവിനെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊരുത്തപ്പെട്ട് പോവാന്‍ സാധിക്കുന്നില്ല എന്നാണ് ഹര്‍ജിയില്‍ തേജ് പരാമര്‍ശിച്ചിരിക്കുന്നത്.
ബിഹാറില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വിവാഹം ആഡംബരത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബിഹാര്‍ നിയമസഭയില്‍ മഹുവാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് തേജ് പ്രതാപ് യാദവ്. നവംബര്‍ 2015 മുതല്‍ ജൂലൈ 2017 വരെ ആരോഗ്യം, പരിസ്ഥിതി, ജലവിഭവ വകുപ്പു മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തായാലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് ഈ വാര്‍ത്ത.