പാറ്റ്ന: ലാലു പ്രസാദ് യാദവിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവും ഭാര്യ ഐശ്വര്യ റായിയും വേർപിരിയുന്നു. ഐശ്വര്യയിൽനിന്നു ഡിവോഴ്സ് ആവശ്യപ്പെട്ട് തേജ് പ്രതാപ് പാറ്റ്ന കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചു. നവംബർ 29-ന് ഹർജി കോടതി പരിഗണിക്കും.
ഈ വർഷം മേയിലായിരുന്നു തേജ് പ്രതാപിന്റെയും ഐശ്വര്യയുടെയും വിവാഹം. പാറ്റ്നയിൽ പതിനായിരത്തിൽ അധികം അതിഥികളുടെ സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. ബിഹാർ മുൻ മുഖ്യമന്ത്രി ദരോഗ റായിയുടെയും ആർഎൽഡി നേതാവും എംഎൽഎയുമായ ചന്ദ്രികാ റായിയുടെയും മകളാണ് ഐശ്വര്യ റായി.
നിതീഷ് കുമാർ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്നു തേജ് പ്രതാപ്. എന്നാൽ ആർജെഡിയുമായി നിതീഷ് കൂട്ടുവെട്ടിയതോടെ തേജ് പ്രതാപിനു മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. തേജ് പ്രതാപിന്റെ അച്ഛനും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.