മുള്ളേരിയ: കോഴിയെ കൊണ്ടുവരാൻ പോകുന്നതിനിടെ ടെന്പോ തടഞ്ഞു നിർത്തി പണം തട്ടിയ സംഭവത്തിൽ പരാതിക്കാരൻ പ്രതിയായി.
കർണാടകയിലേക്ക് കോഴി കൊണ്ടു വരാൻ പോകുന്നതിനിടെ തന്നെയും സഹായിയേയും ആക്രമിച്ച് ഒന്നര ലക്ഷം രുപയും മൊബൈൽ ഫോണുകളും തട്ടിയെടുത്തെന്ന പരാതി ടെന്പോ ഡ്രൈവറുടെ ആസൂത്രണമാണെന്ന് പോലീസ് അേ ന്വഷണത്തിൽ തെളിഞ്ഞ തോടെ പരാതിക്കാരനെ അറസ്റ്റ് ചെയ്തു. കളനാട്ടെ ഫാറൂഖി(32)നെയാണ് ആദൂർ സിഐ എം.എ.മാത്യുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് തളങ്കരയിലെ മുസ്താഖ് ഉൾപ്പടെ മൂന്നു പേരെ പോലീസ് അന്വേഷിച്ചുവരികയാണ്. 24ന് പുലർച്ചെ ആദൂർ സിഎ നഗറിൽ വച്ച് ആൾട്ടോ കാറിലെത്തിയ മൂന്നംഗ സംഘം തന്നെയും സഹായിയായ ഹബീബിനെയും ആക്രമിച്ച് പണം തട്ടിയെടുത്തുവെന്നാണ് ഫാറൂഖ് പോലീസിൽ പരാതി നൽകിയത്.
ഇതേത്തുടർന്ന് പോലീസ് പഴുതുകളടച്ചു നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരൻ പ്രതിയാണെന്ന് തെളിഞ്ഞത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഫാറൂഖിന്റെ ഫോണിലേക്കു നിരവധി തവണ വിളിവന്നതായി തെളിഞ്ഞു.
സുഹൃത്ത് മുസ്താഖാണ് ഫാറൂഖിനെ നിരന്തരമായി ബന്ധപ്പെട്ടിരുന്നത്. 23ന് ഇവർ സംഭവം ആസൂത്രണം ചെയ്തുവെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. ഒരോ നീക്കവും ഫാറൂഖ് മുസ്താഖിനെ ഫോണിൽ അറിയിച്ചു കൊണ്ടിരുന്നു. ഷർട്ട് അൽപ്പം കീറിയതല്ലാതെ പരിക്കൊന്നും ഫാറൂഖിനുണ്ടായിരുന്നില്ല.
ഇതും പോലീസിൽ സംശയം ജനിപ്പിച്ചിരുന്നു. തുടർന്നു വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊള്ള ഫാറൂഖിന്റെ നാടകമാണെന്നു വ്യക്തമായത്. എസ്ഐ നിതിൻ ജോയ്, സീനിയർ പോലീസ് ഓഫീസർമാരായ കെ.ടി.സുരേഷ്, ജയപ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.