പാറ്റ്ന: ബിഹാറിലെ മുൻ മന്ത്രിയും ആർ.ജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ് എംഎൽഎയുടെ വിവാഹമോചനശ്രമങ്ങൾ കൂടുതൽ വൈകാരിക തലങ്ങളിലേക്ക്. തനിക്കൊപ്പം നിന്നില്ലെങ്കിൽ ഇനി വീട്ടിലേക്കു മടങ്ങിപ്പോകില്ലെന്നാണു ഇപ്പോൾ ഹരിദ്വാറിൽ കഴിയുന്ന തേജ് പ്രതാപിന്റെ പ്രഖ്യാപനം.
അനുജൻ തേജസ്വി യാദവിനു പിറന്നാൾ ആശംസകൾ നേർന്ന് ഒരു ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് വിവാഹമോചന തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്ന നിലപാട് തേജ് പ്രതാപ് ആവർത്തിച്ചത്. ശനിയാഴ്ച റാഞ്ചിയിലെ ആശുപത്രിയിൽ കഴിയുന്ന ലാലു പ്രസാദ് യാദവിനെ സന്ദർശിച്ചശേഷം തേജ് പ്രതാപ് ബോധ്ഗയയിലേക്കു വരികയായിരുന്നു.
വിവാഹമോചിതനാകാനുള്ള മകന്റെ തീരുമാനത്തിൽ ലാലു നിരാശനാണ്. കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷയനുഭവിക്കുന്ന ലാലു ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ കഴിഞ്ഞദിവസമാണ് ആശുപത്രിയിലായത്. അതിനിടെയാണ് പുതിയ തലവേദനയായി തേജ് പ്രതാപിന്റെ പ്രശ്നങ്ങൾ.