സ്വാതി എന്ന സ്ത്രീയാണ് ഇപ്പോള്‍ സംസാരവിഷയം. കാമുകനൊപ്പം ജീവിക്കാന്‍ താലികെട്ടിയ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സ്ത്രീ. അതും സിനിമയെ വെല്ലുന്ന രീതിയില്‍. നമ്മുടെ നാട്ടില്‍ തന്നെയാണ് ഈ അരുംകൊല അരങ്ങേറിയത്. തെലുങ്കാനയിലാണ് സംഭവം. ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനെ ഒപ്പം താമസിപ്പിക്കാന്‍ സ്വാതി നടപ്പാക്കിയ കുതന്ത്രം ഇങ്ങനെ-
സ്വാതിയെ ഭര്‍ത്താവായ സുധാകര്‍ വിവാഹം കഴിക്കുന്നത് രണ്ടുവര്‍ഷം മുമ്പാണ്. ഇതിനു മുമ്പേ കാമുകനായ രാജേഷുമായി അടുപ്പത്തിലായിരുന്നു. രാജേഷിനൊപ്പം താമസിക്കാന്‍ സ്വാതി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. നവംബര്‍ 22 നാണ് നാഗര്‍കുര്‍നൂല്‍ ജില്ലയിലുള്ള വസതിയില്‍ വെച്ച് ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച് കൊലപ്പെടുത്തിയത്. ശേഷം രാജേഷിന്റെ സഹായത്തോടെ സമീപത്തുള്ള വനത്തില്‍ മൃതശരീരം കുഴിച്ചിടുകയായിരുന്നു.
കഥയിലെ ട്വിസ്റ്റ് അരങ്ങേറുന്നത് ഇതിനുശേഷമാണ്. സുധാകര്‍ മരിച്ചിട്ടില്ലെന്നും ഒപ്പമുള്ളത് കാമുകനാണെന്ന് തിരിച്ചറിയാതിരിക്കുന്നതിനു വേണ്ടി രാജേഷിന്റെ മുഖത്ത് ആസിഡ് തളിച്ച് പൊള്ളലേല്‍പ്പിച്ചു. ഹൈദരാബാദില്‍ വെച്ച് അജ്ഞാതന്റെ ആസിഡ ആക്രമണത്തില്‍ ഭര്‍ത്താവിന് പൊള്ളലേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. രാജേഷിന്റെ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ സുധാകറിന്റെ വീട്ടുകാര്‍ ചെലവഴിച്ചിരുന്നു. ചികിത്സക്കു ശേഷം മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സുധാകരന്റേതു പോലെയാക്കാനായിരുന്നു നീക്കം.
പക്ഷേ പണി പാളിയത് പെട്ടെന്നാണ്. പുതിയ സുധാകറിന്റെ പെരുമാറ്റത്തിലും സംസാരരീതിയിലുമെല്ലാം സംശയം തോന്നിയ മാതാവ് പോലീസ് സഹായം തേടി. പോലീസ് അന്വേഷണത്തില്‍ സ്വാതിയോടൊപ്പമുള്ളത് രാജേഷാണെന്ന് കണ്ടെത്തി. രണ്ടുപേരെയും ഇതോടെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ മുഖവും ജീവിതവും പോയ വിഷമത്തിലാണ് രാജേഷ്. സ്വാതിയാകട്ടെ തെലുങ്കാനയിലെ സ്ത്രീകളുടെ ശാപമേറ്റ് ജയിലഴിക്കുള്ളിലും.