ഹൈദരാബാദ്: സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള പരസ്യത്തില്‍ ആളുമാറിയതിനെത്തുടര്‍ന്ന് പുലിവാലു പിടിച്ച് തെലങ്കാന സര്‍ക്കാര്‍. ദമ്പതിമാരായ നയാകുല നാഗരാജുവും ഭാര്യ പദ്മയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പരസ്യ ഏജന്‍സിയോട് വിശദീകരണം തേടിയിരിക്കുകയാണ്.
കൊടാടില്‍ നിന്നുള്ള ദമ്പതിമാരായ നാഗരാജുവും ഭാര്യ പത്മയും മകളും അടങ്ങുന്ന കുടുംബത്തിന്റെ ചിത്രം ഉപയോഗിച്ചതിലാണ് സര്‍ക്കാരിന് അമളി പിളഞ്ഞത്. സര്‍ക്കാരിന്റെ രണ്ടു പദ്ധതികളിലേക്കാണ് ഇവരുടെ ചിത്രം ഉപയോഗിച്ചത്. സര്‍ക്കാരിന്റെ രണ്ട് പദ്ധതികളുടെ പരസ്യത്തില്‍ ഉപയോഗിച്ചിരുന്നു. സര്‍ക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താവെന്ന നിലയില്‍ സന്തുഷ്ടരാണ് എന്നതായിരുന്നു പരസ്യം. എന്നാല്‍ ഇതില്‍ ഒരു പരസ്യത്തില്‍ നാഗരാജുവിന്റെ ചിത്രത്തിനു പകരം മറ്റൊരാളുടെ ചിത്രമാണ് ഉപയോഗിച്ചത്.
ചിത്രം മാറി ഉപയോഗിച്ചതിന്റെ പേരില്‍ ഗ്രാമവാസികള്‍ തന്നെ പരിഹസിക്കുകയാണെന്ന് നാഗരാജു പറഞ്ഞു. ഭാര്യയുടേയും മകളുടേയും കൂടെ മറ്റൊരു വ്യക്തിയുടെ ചിത്രം ഉപയോഗിച്ചത് തങ്ങള്‍ക്ക് അപമാനമായി എന്നും നാഗരാജു പറയുന്നു. പ്രാഥമികാന്വേഷണത്തില്‍ 2013 ഡിസംബറില്‍ എടുത്ത ഫോട്ടോയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ ഫോട്ടോ ഏതവസരത്തിലും ഉപയോഗിക്കാമെന്ന് ഇരുവരും സമ്മതപത്രം നല്‍കിയതായി പരസ്യ ഏജന്‍സി അറിയിച്ചിട്ടുണ്ട്. കാന്തി വെളുഗു(സൗജന്യ നേത്ര പരിശോധന), റൈതു ഭീമ(വിളവ് പരിരക്ഷ) എന്നീ പദ്ധതികള്‍ക്കാണ് ഇവരുടെ ചിത്രം ഉപയോഗിച്ചത്. പരസ്യഏജന്‍സികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. എന്തായാലും പരസ്യം ഉടന്‍ പിന്‍വലിക്കുമോയെന്ന് കണ്ടറിയണം.