സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലെത്താതെ തന്നെ വിദഗ്ധ ചികിത്സ ലഭിക്കാൻ ടെലിമെഡിസിൻ സംവിധാനം വിപുലമാക്കി തൃശൂർ മെഡിക്കൽ കോളജ് പുതുവർഷത്തിൽ കൂടുതൽ രോഗികൾക്ക് ആശ്വാസം പകരുന്നു.
ആറു താലൂക്ക് ആശുപത്രികളിലെ ചേർത്തുകൊണ്ടാണ് മെഡിക്കൽ കോളജിലെ ടെലി മെഡിസിൻ സംവിധാനം പ്രവർത്തിക്കുന്നത്. തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് രോഗികൾ ധാരാളമായി എത്തിയപ്പോഴാണ് മറ്റു രോഗങ്ങളുമായി ചികിത്സ തേടിയെത്തുന്നവർക്ക് ആശുപത്രിയിലേക്ക് വരാതെ തന്നെ ചികിത്സ നൽകാൻ ഈ സംവിധാനം ഒരുക്കിയത്.
ടെലി ഐ.സി.യുവും ഒരുക്കിയിരുന്നു. ടെലിമെഡിസിൻ മുഖേന ഇതര രോഗങ്ങളുമായി എത്തിയ 28,81,88 ഒ പി രോഗികളെ പരിശോധിച്ച് ചികിത്സ നൽകി. ഇതിൽ 94855 എമർജൻസി കേസുകളും 2675 സർജറികളും 1732 പ്രസവങ്ങളും 304 ന്യൂറോ സർജറിയും 724 കാൻസർ സർജറിയും 12018 ഡയാലിസിസ് കേസുകളും 652 ആൻജിയോഗ്രാം, 54 കാർഡിയോ തെറസിക് സർജറി എന്നിവ നടത്താനായി.
ആറു താലൂക്കാശുപത്രികളിലെ രോഗികളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലിരുന്നുകൊണ്ട് ചികിത്സ നൽകാൻ ടെലിമെഡിസിൻ വഴി സാധിക്കുന്നുണ്ട്. പുതിയ പല സംവിധാനങ്ങളും ഈ കാലയളവിൽ തൃശൂർ മെഡിക്കൽ കോളജിൽ ഒരുക്കി. 35 ലക്ഷം രൂപ ചിലവഴിച്ച് ഒപി വെയറ്റിംഗ് ഷെഡ് നിർമിച്ചു.
16 ലക്ഷം രൂപ ചിലവഴിച്ച് എൻ എച്ച് എം ഒപി പുനർക്രമികരണം നടത്തി. വിആർഡി എൽ ലാബിൽ ആർടിപിസി ആർ മെഷിൻ സൗകര്യം ഒരുക്കി. എല്ലാ ബെഡുകൾക്കും അടുത്ത് തന്നെ ഓക്സിജൻ ലഭിക്കുന്ന സംവിധാനം തുടങ്ങി പുതിയ പല സൗകര്യങ്ങളും കൊണ്ടുവന്നതാിയ തൃശൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ.എം.എ.ആൻഡ്രൂസ്, ആശുപത്രി സൂപ്രണ്ട് ഡോ.ബിജു കൃഷ്ണൻ, ഡോ.ബിനു അരീക്കൽ എന്നിവർ പറഞ്ഞു.
സ്ഥലപരിമിതികളും ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടേയും കുറവുമെല്ലാം ഉണ്ടായിട്ടും അതിനെയെല്ലാം മറികടന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി സാധാരണക്കാർക്ക് നൂതന സൗകര്യങ്ങൾ ഒരുക്കി കൈയടി നേടുകയാണ്.