തൃശൂർ: മലയാളം പറഞ്ഞ് കാണികളെ കൈയിലെടുക്കാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ ഇംഗ്ലീഷിൽതന്നെയാണ് പ്രസംഗം തുടങ്ങിയത്.കേരളത്തിൽ ഒരു മാസത്തിനുള്ളിൽ ഇതു രണ്ടാംതവണയാണ് വരുന്നതെന്നു പറഞ്ഞും, സാംസ്കാരിക തലസ്ഥാനമായ തൃശൂരിനെ പുകഴ്ത്തിയുമാണ് പ്രസംഗം തുടങ്ങിയത്. പ്രധാനമന്ത്രി വേദിയിലെത്തുന്നതിന് അഞ്ചു മിനിറ്റ് മുന്പ് പ്രസംഗ പീഠത്തിനു മുന്പിൽ രണ്ടു വശത്തുമായി ടെലിപ്രോംപ്റ്റർ സ്ഥാപിച്ചിരുന്നു.
ഇതു നോക്കിയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാൽ ടെലിപ്രോംപ്റ്ററിൽ നോക്കിയാണ് പ്രസംഗിക്കുന്നതെന്നു തേക്കിൻകാട് മൈതാനിയിൽ കൂടിയിരുന്ന ഒട്ടുമിക്കവർക്കും മനസിലായില്ല. രണ്ടുവശത്തും ടെലിപ്രോംപ്റ്റർ സ്ഥാപിച്ചിരുന്നതിനാൽ പ്രസംഗത്തിനിടെ സദസിലിരിക്കുന്നവരെ നോക്കുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ആർക്കും മനസിലാകാത്ത രീതിയിൽ വിദഗ്ധമായി മോദി പ്രസംഗിച്ചു. പ്രസംഗം കഴിഞ്ഞയുടൻ ഇത് എടുത്തുമാറ്റുകയും ചെയ്തു.
തൃശൂരിനെയും ഗുരുവായൂരിനെയും കുറിച്ചും കലാഭവൻ മണി, സുകുമാർ അഴിക്കോട്, കമല സുരയ്യ തുടങ്ങിയവരുടെ പേരുകളും കൃത്യമായി പറഞ്ഞതിന്റെ പിന്നിൽ ടെലിപ്രോംപ്റ്ററായിരുന്നു. സാധാരണ ഒരു സഹായവുമില്ലാതെ പ്രസംഗിക്കുന്ന പ്രധാനമന്ത്രി വളരെ കരുതിയാണ് ഇത്തവണ തൃശൂരിൽ പ്രസംഗം നടത്തിയത്.