ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കും പേയ്‌മെന്റുകള്‍ക്കും മറ്റുമായി ഇപ്പോള്‍ ഉപയോഗിക്കുന്ന വണ്‍ടൈം പാസ്‌വേഡ്(ഒടിപി) സംവിധാനം അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ ടെലികോം കമ്പനികള്‍.
പാസ്വേഡ് വരാന്‍ കാത്തുനില്‍ക്കുന്നത് ചിലരിലെങ്കിലും ആശങ്ക സൃഷ്ടിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ആ പ്രശ്മൊക്കെ ഒറ്റയടിക്കു മാറ്റിക്കളയാനാണ് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ ഇനി ശ്രമിക്കുക.
വ്യക്തിയെ തിരിച്ചറിയാന്‍ മൊബൈല്‍ നമ്പര്‍ മാത്രം മതി എന്ന എന്ന വ്യവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ഇവരുടെ ഉദ്ദേശ്യം. ഇതിന് മറ്റുചില അധിക ഗുണങ്ങളും ഉണ്ട്- ഉദാഹരണത്തിന് സിം മിററിങ് രീതി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലേക്കും മറ്റ് അത്തരം ഡിജിറ്റല്‍ സംവിധാനങ്ങളിലേക്കും കടന്നുകയറാനുള്ള ശ്രമവും മറ്റും ഇനി നടന്നേക്കില്ല.
നിലവില്‍ ഉപയോക്താവ് മൊബൈല്‍ നമ്പര്‍ ഒരു ആപ്പിനോ, വെബ്സൈറ്റിനോ നല്‍കിയശേഷം നാലു മുതല്‍ ആറുവരെ അക്കങ്ങളുള്ള ഒടിപി തങ്ങളുടെ ഫോണിലെത്താന്‍ കാത്തുനില്‍ക്കണം. ഈ നമ്പര്‍ നല്‍കിയാല്‍ മാത്രമെ ഇടപാട് പൂര്‍ത്തിയാക്കാനാകൂ.
ചില സന്ദര്‍ഭങ്ങളില്‍ നമ്പര്‍ എത്താന്‍ വൈകിയേക്കാം. അപ്പോള്‍ ഇടപാട് പൂര്‍ത്തിയാക്കാനുള്ള പരമാവധി സമയം കഴിഞ്ഞു പോകാം. ഇതോടെ അടുത്തതായി എന്തു ചെയ്യണമെന്ന ചിന്തയിലേക്ക് ഉപയോക്താവ് പോകും. ചിലപ്പോള്‍ ഇടപാട് ഇടയ്ക്കു വച്ചു നിലയ്ക്കുകയും ചെയ്യാം.
ഇങ്ങനെ ഒടിപി വരാന്‍ വൈകുന്നതും വരാതിരിക്കുന്നതുമെല്ലാം എല്ലാ പ്രായത്തിലുള്ള ആള്‍ക്കാരിലും ചില സന്ദര്‍ഭങ്ങളിലെങ്കിലും ആശങ്കയുണ്ടാക്കുന്നു എന്നു പറയുന്നു. ഇതിനു പകരമായി ഇനി ഒരു വ്യക്തിക്ക് ഒരു മൊബൈല്‍ ഐഡന്റിറ്റി നല്‍കാന്‍ ഒരുങ്ങുകയാണ് ടെലികോം കമ്പനികള്‍.
ഇതിലൂടെ സുരക്ഷിതമായ പണമിടപാടും മറ്റും ഒറ്റയടിയ്ക്ക് നടത്താന്‍ സാധിച്ചേക്കുമെന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. അധികാരികളുടെ അംഗീകാരം ലഭിച്ചാല്‍ ഇത് 2021 പകുതിയ്ക്കു മുന്‍പായി എത്തിയേക്കും.
നിലവില്‍ അതിന്റെ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. റൂട്ട് മൊബൈല്‍ (Route Mobile) പോലെയുള്ള കമ്പനികളായിരിക്കും ടെലികോം കമ്പനികള്‍ക്കും, ബിസിനസ് സ്ഥാപനങ്ങള്‍ക്കും മധ്യ ഇടനിലക്കാരായി പ്രവര്‍ത്തിക്കുക.
അവരായിരിക്കും ‘മൊബൈല്‍ ഐഡന്റിറ്റി’ ക്കായി പ്രവര്‍ത്തിക്കുക. റൂട്ട് മൊബൈല്‍ തങ്ങളുടെ സേവനങ്ങള്‍ ബിസിനസുകാര്‍ക്ക് നേരിട്ടു നല്‍കുകയായിരിക്കും ചെയ്യുക. ഒരു വശത്ത് റൂട്ട് മൊബൈല്‍ വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമം ടെലികോം ഓപ്പറേറ്റര്‍മാരുമൊത്ത് നടത്തും.
മറുവശത്ത് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് യൂണിഫൈഡ് എപിഐ അഥവാ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ് ബിസിനസ് സ്ഥാപനങ്ങള്‍ക്കും നല്‍കും. ഇതോടെ വിവിധ കമ്പനികള്‍ക്ക് മൊബൈല്‍ ഐഡന്റിറ്റി സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാകും.
അതു വഴി ഒടിപി ഒഴിവാക്കി ഉപയോക്താവിനെ തിരിച്ചറിയാനാകുമെന്ന് റൂട്ട് മൊബൈലിന്റെ മാനേജിങ് ഡയറക്ടര്‍ രാജ്ദീപ്കുമാര്‍ ഗുപ്ത പറഞ്ഞു. ബിസിനസ് സ്ഥാപനങ്ങള്‍ തങ്ങളെപ്പോലെയുള്ള ഇടനിലക്കാര്‍ക്ക് പണം നല്‍കും. അത് തങ്ങള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറയുന്നു.
എപിഐ ഒരു ഇടനിലക്കാരന്റെ ഭാഗത്താണ് ഉണ്ടാകുക. ഇതുവഴി ഇരുഭാഗത്തുമുള്ള ആപ്ലിക്കേഷനുകള്‍ പരസ്പരം സംവാദിക്കും. എന്നാല്‍, ഇതില്‍ നിലവിലുള്ള സുരക്ഷ നേര്‍പ്പിക്കേണ്ടതായും വരുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നേരത്തെ രണ്ടു-ഘട്ട സുരക്ഷാ നടപടികളിലൂടെ കടന്നുപോകേണ്ടിയിരുന്നു.
ഫോണ്‍ നമ്പര്‍ അടിച്ചുകൊടുത്ത ശേഷം ഒടിപി വരാന്‍ കാത്തിരിക്കേണ്ടിയിരുന്നു. നിലവിലും അതേ നടപടിക്രമങ്ങള്‍ തന്നെയാണ് ഉണ്ടാകുക. ഫോണ്‍ വേരിഫിക്കേഷന്‍ നടക്കും. എന്നാല്‍ ഒടിപിക്ക് കാത്തു നില്‍ക്കുകയോ അത് എന്റര്‍ചെയ്യേണ്ടതായോ വരില്ലെന്നു മാത്രം.
എന്നാല്‍, ചിലപ്പോള്‍ ചില കമ്പനികളെങ്കിലും ഒടിപി സംവിധാനവും നിലനിര്‍ത്തിയേക്കും. കാരണം തങ്ങള്‍ക്ക് അതുമതിയെന്ന് ഉപയോക്താക്കള്‍ നിര്‍ബന്ധം പിടിക്കാനുള്ള സാധ്യതയും പല കമ്പനികളും മുന്നില്‍ കാണുന്നുണ്ട്. എന്തായാലും പുതിയ സംവിധാനം ഗുണകരമാവുമെന്ന് പ്രതീക്ഷിക്കാം.