ന്യൂഡൽഹി: എല്ലാവർക്കും ബ്രോഡ്ബാൻഡ് സൗകര്യം, നാലു വർഷംകൊണ്ട് 40 ലക്ഷം തൊഴിൽ എന്നീ ലക്ഷ്യങ്ങളുമായി പുതിയ ടെലികോം നയം പ്രഖ്യാപിച്ചു. നാഷണൽ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് പോളിസി 2018 എന്ന പേരിലുള്ള നയരേഖയ്ക്കു കേന്ദ്ര കാബിനറ്റ് ഇന്നലെ അംഗീകാരം നൽകി.
5 ജി സാങ്കേതികവിദ്യയും ഓപ്റ്റിക്കൽ ഫൈബറും ഉപയോഗിച്ചു ജനങ്ങൾക്കു മുഴുവൻ അതിവേഗ ബ്രോഡ്ബാൻഡ് സൗകര്യം ഉറപ്പാക്കും. കുറഞ്ഞ ചെലവിൽ ഇതു നൽകുകയാണ് ലക്ഷ്യമെന്നു ടെലികോം മന്ത്രി മനോജ് സിൻഹ അറിയിച്ചു. സ്പെക്ട്രത്തിന് മിതമായ നിരക്ക് ആകും ഈടാക്കുക എന്നു നയത്തിൽ പറയുന്നു.
7.8 ലക്ഷം കോടി രൂപയുടെ കടഭാരത്തിൽ വലയുകയാണ് ഇപ്പോൾ ഇന്ത്യയിലെ ടെലികോം മേഖല. പതിനായിരംകോടി ഡോളറിന്റെ (ഏഴുലക്ഷം കോടി രൂപ) നിക്ഷേപമാണ് ഈ രംഗത്ത് നയരേഖ പ്രതീക്ഷിക്കുന്നത്. 2022 ആകുന്പോഴേക്ക് 40 ലക്ഷം തൊഴിലുണ്ടാകണം.