സ്ത്രീത്വം ഏതു ജോലിയിലും പരിമിതിയല്ല ബഹുമതിയാണെന്നു കേരളത്തെ അറിയിക്കുകയാണ് ഡെലീഷ ഡേവിസ്.
ബസും ലോറിയും ഓടിക്കാൻ ഹെവി വെഹിക്കിൾ ലൈസൻസുള്ള വനിതകൾ നാമമാത്രമായ നമ്മുടെ നാട്ടിൽ തീപിടിത്തത്തിന് കാരണമാകാവുന്നവ എന്ന മുന്നറിയിപ്പ് എഴുതിവച്ചിരിക്കുന്ന കൂറ്റൻ ഇന്ധന ടാങ്കർ ലോറി ഓടിക്കാൻ ഹസാർഡസ് ലൈസൻസ് നേടിയിരിക്കുകയാണ് തൃശൂർ വടക്കേ കാരമുക്ക് പള്ളികുന്നത്ത് പി.വി ഡേവിസിന്റെ മകൾ ഡെലീഷ.
വലുതും ചെറുതുമായ വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ദേശീയപാത 66 ലൂടെ ടാങ്കർലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാണ് ഏവരും നോക്കിക്കാണുന്നത്.
കൊച്ചി ഇരുന്പനത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സംഭരണകേന്ദ്രത്തിൽ നിന്നും ഡീസലും പെട്രോളും നിറച്ച് മലപ്പുറം തിരൂരിലെ പരപ്പിൽ ഗ്രൂപ്പിന്റെ പെട്രോൾ പന്പിലേക്കു ടാങ്കർ ഓടിക്കുന്ന വനിതാ ഡ്രൈവറുടെ പ്രാപ്തിയിൽ പലരും മൂക്കത്തു വിരൽ വച്ചിട്ടുണ്ട്.
പുലർച്ചെ രണ്ടരയ്ക്ക് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മടങ്ങിയെത്തുന്ന അതിജാഗ്രതയുടെ ഡ്രൈവിംഗ്.
കഴിഞ്ഞ 40 വർഷത്തിലേറെയായി ടാങ്കർ ലോറി ഡ്രൈവറാണ് പിതാവ് ഡേവിസ്. തന്റെ മൂന്നു പെണ്മക്കളിൽ രണ്ടാമത്തവളായ ഡെലീഷയ്ക്കു മാത്രമാണ് ഇത്തരമൊരു കന്പമെന്ന് അദ്ദേഹം പറയുന്നു.
മൂന്നാം ക്ലാസിൽ പഠിക്കുന്പോൾ മുതൽ ഡെലീഷ ഒഴിവുദിനങ്ങളിൽ പിതാവിനോടൊപ്പം ടാങ്കർ ലോറിയിൽ ഇന്ധനം എടുക്കാൻ കൊച്ചിയിലേക്ക് പോകാറുണ്ട്.
അന്നൊക്കെ പപ്പാ ഇത്ര വലിയ ലോറി സാഹസികമായി ഓടിക്കുന്നതു കാണുന്പോൾ വലിയ അത്ഭുതം തോന്നിയിരുന്നു.
പപ്പയെപ്പോലെ തനിക്കും ഇത് ഓടിക്കണമെന്നു മാത്രമല്ല ഇത്തരമൊരു ലോറി അത് സ്വന്തമാക്കണമെന്നും ആഗ്രഹമായി. എട്ടാം ക്ലാസിൽ പഠിക്കുന്പോൾ വീട്ടിലെ അംബാസിഡർ കാർ ഓടിച്ചുനോക്കി.
എട്ടാം ക്ലാസ് വാർഷിക പരീക്ഷയ്ക്കുശേഷം വലിയവധിക്കാലത്ത് സ്റ്റിയറിംഗ് ബാലൻസ് നേടി.
പത്താം ക്ലാസിലെത്തിയപ്പോൾ കാർ നന്നായി ഓടിക്കാൻ പരിശീലനം നേടിയെടുത്തു. പതിനെട്ടാം വയസിൽ ലൈസൻസും സ്വന്തമാക്കി- ഡെലീഷ അഭിമാനം പങ്കുവച്ചു.
പതിനെട്ടാം വയസിൽ ഇരുചക്ര-നാലുചക്ര വാഹന ലൈസൻസ് നേടിയ ഡെലീഷ ഇരുപതാം വയസിൽ ഹെവിലൈസൻസും മൂന്നുമാസത്തിനുള്ളിൽ ടാങ്കർലോറി ഓടിക്കാൻ ഹസാർഡസ് ലൈസൻസും നേടി.
ഇതോടെ ടാങ്കർ ലോറി ലൈസൻസ് സ്വന്തമായ കേരളത്തിലെ ആദ്യ വനിതയെന്ന പെരുമ ഡെലീഷ ഡേവിസിനു സ്വന്തമായി. ഹസാർഡസ് ലൈസൻസ് മൂന്നുവർഷം കൂടുന്പോൾ പുതുക്കണമെന്നാണ് ചട്ടം.
ഇരുന്പനം – തിരൂർ റൂട്ടിൽ ഇരുവശത്തേക്കും 280 കിലോമീറ്റർ ദൂരം ടാങ്കർ ലോറി അൻപതു ട്രിപ്പുകൾ തനിയെ ഓടിച്ചുകഴിഞ്ഞിരിക്കുന്നു ഈ യുവതി.
ഡ്രൈവിംഗിനൊപ്പം പഠനത്തിലും ശ്രദ്ധ നൽകുന്ന ഡെലീഷ അവസാനവർഷ എം.കോം പരീക്ഷാഫലം കാത്തിരിക്കുകയാണ്.
മൾട്ടി ആക്സിൽ വാഹനങ്ങൾ ഓടിക്കണമെന്നതാണ് ഡെലീഷയുടെ അടുത്ത മോഹം. ഇതിനുശേഷം സർക്കാർ സർവീസിൽ ഡ്രൈവറാകുകയെന്നതാണ് ജീവിതാഭിലാഷം.
സ്ത്രീകൾക്കു തുല്യപ്രാധാന്യം എന്നു പറയുന്പോഴും കെഎസ്ആർടിസിയിൽ പോലും വനിതകൾക്ക് ഡ്രൈവർ ജോലിക്ക് അപേക്ഷിക്കാൻ അനുവാദമില്ലാത്തത് അനീതിയാണെന്നാണ് ഡെലീഷയുടെ പക്ഷം.
വിമാനത്തിൽ പൈലറ്റായും ട്രെയിനിൽ ലോക്കോ പൈലറ്റായുമൊക്കെ വനിതകൾക്ക് ശോഭിക്കാമെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ ബസ് ഓടിക്കാൻ അനുവാദം നൽകാത്തതെന്നാണ് ചോദ്യം.
ഹസാർഡസ് ലൈസൻസ് ലഭിച്ചപ്പോൾ അന്നത്തെ എംപി സി.എൻ. ജയദേവനും പിന്നീട് ടി.എൻ. പ്രതാപൻ എംപിയും മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും വീട്ടിലെത്തി ഡെലീഷയെ അനുമോദിച്ചു.
പ്ലസ് ടു പഠിച്ച കണ്ടശാംകടവ് പ്രഫ. ജോസഫ് മുണ്ടശേരി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലും അനുമോദനം ലഭിച്ചിരുന്നു.
ഡെലീഷയുടെ പ്രാഗത്ഭ്യം കേട്ടറിഞ്ഞ് വോൾവോ കന്പനി അവരുടെ 16 ചക്ര മൾട്ടി ആക്സിൽ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് നൽകാനായി അഞ്ചു ദിവസ പരിശീലനത്തിന് ബംഗളുരുവിലേക്ക് ക്ഷണിച്ചിരിക്കുന്നു.
ഡ്രൈവിംഗ് ലൈസൻസ് ചെലവും ഡെലീഷയുടെയും പിതാവിന്റെയും യാത്രാചെലവുകളും താമസവും വോൾവോ വഹിക്കും.
ഹിന്ദുസ്ഥാൻ പെട്രോളിയം കന്പനി ഒരു ലക്ഷം രൂപ വിലയുള്ള ഹോണ്ട ആക്ടീവ ഡെലീഷയ്ക്കു ഈയിടെ സമ്മാനമായി നൽകിയിരുന്നു. അമ്മ ട്രീസയുടെ പ്രോത്സാഹനവും ഡ്രൈവിംഗിൽ ഡെലീഷയ്ക്കു ആത്മവിശ്വാസം പകരുന്നു.
ജ്യേഷ്ഠ സഹോദരി ശ്രുതി തൃശൂർ ഒളരി മദർ ഹോസ്പിറ്റലിൽ നഴ്സാണ്. അനുജത്തി സൗമ്യ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മെഡിക്കൽ ലാബ് ടെക്നീഷ്യൻ വിദ്യാർഥിനിയും.
സെബി മാളിയേക്കൽ