കണ്ണൂർ: സൈബർ ബോധവത്കരണവുമായി പോലീസുകാർ അഭിനയിക്കുന്ന ടെലിഫിലിം ഒരുങ്ങുന്നു. മുൻ കണ്ണൂർ എസ്പിയും കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റുമായ സഞ്ജയ് കുമാർ ഗരുഡിൻ എഴുതിയ നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ എന്ന പുസ്തകം അതേ പേരിൽ തന്നെയാണ് സിനിമയായി പിറവിയെടുത്തിരിക്കുന്നത്. പോലീസുകാരുടെ സഹായത്തോടെ റിജു കന്പിൽ സംവിധാനവും അഷറഫ് പിലാത്തറ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രത്തിന്റെ കാമറ വിജേഷ് കുട്ടിപ്പറന്പിൽ ആണ്.
ഗുഡ്വിൽ ക്രിയേഷൻസിന്റെ ബാനറിൽ ബിന്ദു അഗസ്റ്റിൻ നെല്ലംകുഴിയിൽ, നാദം മുരളി, നീരജ അനൂപ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അനശ്വര മുരളി, കെഎപി അസി. കമാണ്ടന്റ് സുധീർകുമാർ, എസ്ഐ എൻ.വി. അഗസ്റ്റിൻ, എസ്ഐ സോമരാജൻ, രാധാകൃഷ്ണൻ കാവുന്പായി, അനൂപ്, നാദം മുരളി, അനിറ്റ അഗസ്റ്റിൻ, അലി, മാസ്റ്റർ ആഷിഫ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ പ്രകാശനം ജില്ലാ കളക്ടർ മിർ മുഹമ്മദലി നിർവഹിച്ചു.
ഇന്റർനെറ്റിന്റെ ദുരുപയോഗങ്ങളും ഓൺലൈൻ സൗഹൃദങ്ങളുടെ ചതിക്കുഴികളും കുട്ടികളിൽ അതിക്രമിച്ചുവരുന്ന മൊബൈൽ ഗെയിം ആസക്തികൾ വരുത്തി വയ്ക്കുന്ന അപകടങ്ങളുമാണ് ചിത്രം പങ്കു വയ്ക്കുന്നത്. 35 മിനിറ്റ് ദൈർഘ്യമുള്ള ടെലിഫിലിം സൈബർ ബോധവത്കരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ പ്രദർശിപ്പിക്കാനാണ് തീരുമാനമെന്ന് ചിത്രത്തിന്റെ പിന്നണി പ്രവർത്തകരിൽ ഒരാളായ എസ്ഐ എൻ.വി. അഗസ്റ്റിൻ പറയുന്നു.
ബക്കളം, തളിപ്പറന്പ്, കെഎപി ക്യാന്പ് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. ആറു ദിവസങ്ങൾകൊണ്ട് ചിത്രം പൂർത്തിയാക്കി. ഒൻപതിന് വൈകുന്നേരം ഏഴിന് കെഎപി നാലാം ബറ്റാലിയനിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചിത്രത്തിന്റെ ആദ്യപ്രദർശനവും ഡിവിഡി പ്രകാശനവും നിർവഹിക്കും. കണ്ണൂർ കളക്ടർ മിർ മുഹമ്മദലി മുഖ്യാതിഥിയായിരിക്കും. കണ്ണൂർ എസ്പി ജി.ശിവവിക്രം, എംഎൽഎമാരായ ടി.വി. രാജേഷ്, ജയിംസ് മാത്യു, ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമള, പോലീസ് ഉദ്യോഗസ്ഥരായ ഡോ. കാർത്തികേയൻ ഗോകുലചന്ദ്രൻ ഐപിഎസ്, റോയി പി.ജോസഫ്, സുധീർകുമാർ സി.എം, കെ. വേണുഗോപാൽ, എ. ശ്രീനിവാസ്, സിബി തോമസ് സിഐ, എം.സത്യനാഥൻ, എം.ഹരി , പി. ഗംഗാധരൻ, എൻ.വി. അഗസ്റ്റിൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.