കൊച്ചി: ടെലിഗ്രാം എന്ന മൊബൈൽ ആപ്ലിക്കേഷൻ ക്രിമിനലുകളുടെ സുരക്ഷിത താവളമായി മാറിയെന്നും നിയമങ്ങൾ പാലിക്കാൻ ഇത്തരം ആപ്ലിക്കേഷനുകളെ ബാധ്യസ്ഥരാക്കുന്ന നടപടി വേണമെന്നും പോലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ടെലിഗ്രാം ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി അഥീന സോളമൻ നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കി സൈബർഡോം ഓപറേഷൻ ഓഫീസർ എ. ശ്യാംകുമാർ സത്യവാങ്മൂലം നൽകിയത്.
ക്രിമിനൽ കേസുകളിൽ പോലീസ് ആവശ്യപ്പെട്ടാൽ വിവരം നൽകാൻ ആപ്ലിക്കേഷനുകളെ ബാധ്യസ്ഥരാക്കുന്ന തരത്തിലുള്ള നടപടി അനിവാര്യമാണെന്നും പോലീസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
വാട്സ്അപ് പോലെയുള്ള മെസേജിംഗ് ആപ്ലിക്കേഷനുകൾ മൊബൈൽ നന്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ടെലിഗ്രാമിൽ യൂസർ നെയിമാണ് വേണ്ടത്. ഇതു മൂലം ഉപഭോക്താവിനു രഹസ്യമായിരിക്കാൻ കഴിയും.
ഗ്രൂപ്പ്, ചാനൽ അഡ്മിനുകളിൽ നിന്നുപോലും തങ്ങളുടെ നന്പർ മറച്ചുവയ്ക്കാനും ഇവർക്ക് കഴിയും. ഇത്തരം സാഹചര്യങ്ങളിൽ അശ്ലീല വീഡിയോകളും സിനിമകളുമൊക്കെ പിടിക്കപ്പെടാതെ പങ്കുവയ്ക്കാനും ഈ ആപ്ലിക്കേഷനിലൂടെ കഴിയും.
ഫേസ് ബുക്ക് മെസഞ്ചർ, വാട്സ് അപ് തുടങ്ങിയവ പോലെ ടെലിഗ്രാം പോലീസുമായി സഹകരിക്കുന്നില്ല. ഇതിന്റെ സെർവറുകൾ ഇന്ത്യക്ക് പുറത്താണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ടെലിഗ്രാം ഇതുവരെ ഒരു ഉപഭോക്താവിന്റെയും വിവരങ്ങൾ പോലീസിന് നൽകിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.