കൊച്ചി: ടെലഗ്രാം ആപ്പ് വഴി കേരളത്തിലും ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം നടന്നിരുന്നതായി എന്‍ഐഎ. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തില്‍നിന്ന് പിടിയിലായ തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദാണ് ഇതിനു പന്നില്‍ പ്രവര്‍ത്തിച്ചത്.
പെറ്റ് ലവേര്‍സ് എന്നപേരില്‍ ടെലഗ്രാം ഗ്രൂപ്പ് നിര്‍മിച്ച് ഇതിലൂടെ പ്രവര്‍ത്തനം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. നബീല്‍ പിടിയിലായതോടെയാണ് ഇക്കാര്യം എന്‍ഐഎ സ്ഥിരീകരിച്ചിട്ടുള്ളത്.
കേരളത്തില്‍ ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും, ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഖത്തറില്‍ നിന്നാണ് നബീല്‍ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്.
ഈ സംഘത്തിന്റെ സഹായത്തോടെ ആണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതില്‍ നബീലിന് മുഖ്യ കണ്ണിയാമെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു. നിലവില്‍ 16 വരെ എന്‍ഐഎ കസ്റ്റഡിയിലാണ് നബീല്‍.
ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും, ആസൂത്രണവും നിര്‍വഹിച്ചിരുന്നവരില്‍ ഒരാള്‍ നബീലാണ്. നേരത്തെ മലയാളി ഐഎസ് ഭീകരരായ ആഷിഫും, ഷിയാസ് സിദ്ദിഖും പിടിയിലായിരുന്നു.
കേസില്‍ രണ്ടാം പ്രതിയാണ് നബീല്‍. കര്‍ണാടകയിലും തമിഴ്നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. കേരളത്തിലെ ഐഎസ് മൊഡ്യൂളിന്റെ പ്രധാനികളില്‍ ഒരാളാണ് ഇയാളെന്ന് കണ്ടെത്തിയിട്ടുണ്ട്.
വ്യാജരേഖകളുമായി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് എന്‍ഐഎ പിടികൂടിയത്.