പാരീസ്: മെസേജിംഗ് ആപ്പായ ടെലഗ്രാമിന്റെ സിഇഒ പവേൽ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ വിമാനത്തിൽ വടക്കൻ പാരീസിലെ ലെ ബൂർഷെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുറ്റകൃത്യങ്ങൾക്കു ടെലഗ്രാം ഉപയോഗപ്പെടുത്തുന്നതു തടയാൻ നടപടികൾ സ്വീകരിച്ചില്ലെന്ന കേസിലെ വാറന്റിലാണ് അറസ്റ്റെന്നു ഫ്രഞ്ച് വൃത്തങ്ങൾ അറിയിച്ചു. ദുറോവിന്റെ അറസ്റ്റിൽ റഷ്യ പ്രതിഷേധം പ്രകടിപ്പിച്ചു.
മുപ്പത്തൊന്പതുകാരനും ശതകോടീശ്വരനുമായ ദുറോവ് റഷ്യയിലാണു ജനിച്ചതെങ്കിലും ദുബായിലാണു താമസം. ഫ്രാൻസിലും യുഎഇയിലും പൗരത്വമുണ്ട്. റഷ്യയിലും സോവ്യറ്റ് രാജ്യങ്ങളിലും പ്രചാരമുള്ള ടെലഗ്രാം ആപ്പ് 2013ലാണ് അദ്ദേഹം തുടങ്ങിയത്.
ദുറോവിന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ പ്രതിപക്ഷം ഉപയോഗിക്കുന്നതായി റഷ്യ ആരോപിച്ചിരുന്നു. ഇതിൽ നടപടി എടുക്കണമെന്ന ആവശ്യം നിരസിച്ചതിനു പിന്നാലെ 2014ൽ അദ്ദേഹം റഷ്യ വിട്ടു. ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറാതിരുന്നതിനെത്തുടർന്ന് റഷ്യൻ സർക്കാർ 2018ൽ ടെലഗ്രാം നിരോധിച്ചു. 2021ലാണ് പിന്നീട് പ്രവർത്തനാനുമതി ലഭിച്ചത്.
ദുറോവിനെ അറസ്റ്റ് ചെയ്യാനുള്ള കാരണം വിശദീകരിക്കണമെന്നും അദ്ദേഹത്തിനു കോൺസുലാർ സേവനം ലഭ്യമാക്കണമെന്നും പാരീസിലെ റഷ്യൻ എംബസി ആവശ്യപ്പെട്ടു. ദുറോവ് വിഷയത്തിൽ ഫ്രഞ്ച് അധികൃതർ സഹകരിക്കുന്നില്ലെന്ന് എംബസി കൂട്ടിച്ചേർത്തു. ദുറോവിനെ മോചിപ്പിക്കണമെന്ന് എക്സ് പ്ലാറ്റ്ഫോം മേധാവി ഇലോൺ മസ്ക് ആവശ്യപ്പെട്ടു.