കൊച്ചി: സംസ്ഥാന ആരോഗ്യവകുപ്പിന്റെ ടെലി മെന്റല്‍ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായ “ടെലി മനസി’ലേക്ക് പ്രതിദിനം എത്തുന്നത് 50- ലധികം ഫോണ്‍ കോളുകള്‍. മാനസിക ബുദ്ധിമുട്ടുകള്‍ക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും അതിജീവനത്തിനുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ഓണ്‍ലൈന്‍ സംവിധാനമാണ് ടെലി മനസ്.
14416 എന്ന ടോള്‍ഫ്രീ നമ്പറില്‍ 24 മണിക്കൂറും സേവനം ലഭ്യമാകും. 2022- 23 വര്‍ഷത്തില്‍ ദിവസേന ആറു മുതല്‍ പത്തുവരെ ഫോണ്‍ കോളുകളാണ് ഇതിലേക്ക് ലഭിച്ചിരുന്നത്. വൈകാരിക പ്രശ്നങ്ങള്‍, പെരുമാറ്റ പ്രശ്നങ്ങള്‍, ആത്മഹത്യാ പ്രവണത, ലഹരി വിമോചന ചികിത്സയുമായി ബന്ധപ്പെട്ട സംശയങ്ങള്‍, മാനസിക വിഷമതകള്‍ എന്നിവയുള്‍പ്പടെ 27,462 കോളുകള്‍ക്ക് ഇതുവരെ ‘ടെലി മനസ് ‘ സേവനം നല്കി. ഓരോ ജില്ലയിലും 20 കൗണ്‍സിലര്‍മാരും സൈക്യാട്രിസ്റ്റ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ പ്രവര്‍ത്തകരുമാണ് ഈ ടെലി കൗണ്‍സലിംഗിന്റെ ഭാഗമാകുന്നത്.
ലഹരിയുടെ ഉപയോഗവും അതുമൂലമുണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ , സാമൂഹിക പ്രശ്നങ്ങള്‍, ലഹരി ലഭ്യതയിലുണ്ടാകുന്ന വര്‍ധന, കുടുംബബന്ധങ്ങളുടെ ശൈഥില്യം, ഡിജിറ്റല്‍ അടിമത്തം. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതോപയോഗം എന്നിവ മാനസികാരോഗ്യപ്രശ്നങ്ങള്‍ വര്‍ധിക്കുന്നതിനുള്ള കാരണങ്ങളാണ്.
സംസ്ഥാനത്തെ ജനങ്ങളുടെ മാനസികാരോഗ്യം സംബന്ധിച്ച സാമ്പത്തിക സര്‍വേ 2024-25 പ്രകാരം മാനസിക സുസ്ഥിതിക്കായി ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജോലി സമ്മര്‍ദം കുറയ്ക്കുക, കുടുംബ ബന്ധങ്ങളില്‍ കൂടുതല്‍ ഊഷ്മളത കൊണ്ടുവരുക, അള്‍ട്രോ പ്രൊസസ് ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കുക, വ്യായാമം തുടങ്ങിയവ ശീലമാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സീമ മോഹന്‍ലാല്‍